ചലച്ചിത്രം

'മമ്മൂട്ടിയും മോഹന്‍ലാലും എനിക്ക് ശേഷം വന്നവരാണ്, ഞാന്‍ ചെറുവേഷങ്ങളില്‍ ഒതുങ്ങിപ്പോയത് അധ്വാനിക്കാനുള്ള മടികൊണ്ട്' 

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയും മോഹന്‍ലാലും തനിക്ക് ശേഷമാണ് സിനിമയില്‍ എത്തിയതെങ്കിലും അധ്വാനിക്കാനുള്ള മടി കാരണമാണ് താന്‍ ചെറുവേഷങ്ങളില്‍ ഒതുങ്ങിപ്പോയത്' നടനായി സിനിമയില്‍ എത്തിയിട്ടും താരപദവിയിലേക്ക് ഉയരാതിരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്താര്‍ നല്‍കിയ മറുപടിയാണ് ഇത്. ആദ്യം നായകനായും പിന്നീട് കരുത്തുറ്റ വില്ലനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടനായിരുന്നു സത്താര്‍. ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി പിന്നീട് അദ്ദേഹം സിനിമയില്‍ നിന്ന് അപ്രത്യക്ഷനായത്. 

'സിനിമയില്‍ താന്‍ ചെറുവേഷങ്ങളില്‍ ഒതുങ്ങിപ്പോയത് അധ്വാനിക്കാനുള്ള മടി കൊണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം എനിക്ക് ശേഷം സിനിമയില്‍ വന്ന നടന്‍മാരാണ്. പിന്നീട് ഇരുവരും മലയാളത്തിലെ സൂപ്പര്‍താരങ്ങളായി. അഭിനയത്തോട് ഇവര്‍ പുലര്‍ത്തിയിരുന്ന അര്‍പ്പണ ബോധമാണ് അവരെ ഉയരങ്ങളിലേക്കെത്തിച്ചത്.' 

മോഹന്‍ലാലിന്റെ ആദ്യ സിനിമ തിരനോട്ടത്തില്‍ മോഹന്‍ലാലിനൊപ്പം സത്താര്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം വെളിച്ചം കണ്ടില്ല. എന്നാല്‍  അന്നൊന്നും ലാല്‍ വലിയ നടനായി തീരുമെന്ന് താന്‍ കരുതിയില്ലെന്ന് സത്താര്‍ പറയുന്നു.  ശരപഞ്ജരത്തില്‍ ജയനൊപ്പവും സത്താര്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ജയന്‍ അന്നത്തെ യുവാക്കളുടെ ഹരമായി മാറി. ജയന്റെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടയില്‍ ജയന്‍ മരണപ്പെട്ട വാര്‍ത്ത കേട്ടപ്പോള്‍ തകര്‍ന്നുപോയെന്നാണ് അദ്ദേഹം പറഞ്ഞത്. 

നടന്‍ രതീഷിന്റെ മരണമാണ് സിനിമയോടുള്ള തന്റെ താല്‍പ്പര്യം നഷ്ടപ്പെടുത്തിയത് എന്നാണ് സത്താര്‍ പറയുന്നത്. രതീഷിന്റെ മരണം എന്നില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്, അമ്മയുടെ മീറ്റിങ്ങിന് പോകാന്‍ പോലും മടിയായെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. 

75 ല്‍ എം കൃഷ്ണന്‍നായരുടെ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ തുടക്കം. 76 ല്‍ എ വിന്‍സെന്റിന്റെ അനാവരണത്തില്‍ നായകനായി. നായകനായി തുടങ്ങിയെങ്കിലും പിന്നീട് അദ്ദേഹത്തിന് ലഭിച്ചത് ക്രൂരനായ വില്ലന്‍ വേഷങ്ങളായിരുന്നു. 1979ലാണ് നടി ജയഭാരതിയെ വിവാഹം കഴിക്കുന്നത്. പിന്നീട് ഇരുവരുടേയും ബന്ധം തകര്‍ന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയത്. 

എഴുപതുകളിലായിരുന്നു സത്താറിന്റെ പ്രതാപകാലം. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. വിവിധഭാഷകളിലായി 300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്