ചലച്ചിത്രം

'ഇത് പുതിയ അധ്യായം', ഇന്ത്യയിലെ ആദ്യ വെർച്വൽ സിനിമയുമായി പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തോടെ സിനിമ മേഖലയിൽ പുതിയ മാറ്റത്തിന് കളമൊരുങ്ങുകയാണ്. സിനിമ ഷൂട്ടിങ്ങിലും റിലീസ് ചെയ്യുന്നതിനുമെല്ലാം പുതിയ മാർ​ഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് സിനിമ പ്രവർത്തകർ. ഇപ്പോഴിതാ ഇന്ത്യയിൽ ഇതുവരെ പരീക്ഷിക്കാത്ത പുതിയ രീതിയുമായി എത്തുകയാണ് നടൻ പൃഥ്വിരാജ്. ഇന്ത്യയിലെ ആദ്യ  സമ്പൂർണ വെർച്വൽ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. 

ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് താരം തന്നെയാണ് പുതിയ പരീക്ഷണ ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ഫിലിം മേക്കിങ്ങിന്റെ കലയിലും ശാസ്ത്രത്തിലും പുതിയ അധ്യായം. വളരെ പ്രതീക്ഷയോടെയാണ് അതിനെ കാണുന്നത്. സമയം മാറിക്കൊണ്ടിരിക്കുന്നു, പുതിയ വെല്ലുവിളികള്‍, ന്യൂതനമായ ആശയങ്ങള്‍, പറയാന്‍ ഇതിഹാസ കഥ! കൂടുതല്‍ അറിയാന്‍ കാത്തിരിക്കൂ- എന്ന അടിക്കുറിപ്പിലാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

വലിയ പക്ഷി ചിറകു വിടർത്തി നിൽക്കുന്നതും കൈയിൽ വാളേന്തിയ ഒരു മനുഷ്യനെയുമാണ് പോസ്റ്ററിൽ കാണുന്നത്. പുരാണ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് സൂചന. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക്കൽ ഫ്രെയിംസും ചേർന്നാണ് സിനിമയുടെ നിർമാണം. ഗോകുൽരാജ് ഭാസ്‌കർ ആണ് സിനിമയുടെ സംവിധായകൻ. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ സിനിമ പുറത്തിറങ്ങും. ചിത്രത്തിന്റെ പേര് ഉൾപ്പടെയുള്ള മറ്റു വിവരങ്ങൾ പിന്നീട് പുറത്തുവിടും. 

പ്ലാനറ്റ് ഓഫ് ദ് ഏപ്സ്, ഗാർഡിയൻ ഓഫ് ഗാലക്സി, അവഞ്ചേർസ് തുടങ്ങി ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന സാങ്കേതിക വിദ്യയാണ് വിർച്വൽ പ്രൊഡക്‌ഷൻ. വലിയ സെറ്റുകളും മറ്റും വിഎഫ്എക്സിന്റെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിച്ച് ഷൂട്ട് ചെയ്യുന്ന രീതിയാണിത്. കോവിഡ് പ്രതിസന്ധിയിൽ തിയറ്ററുകളും ഷൂട്ടിങും നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ ആദ്യമായി മലയാളത്തിൽ നിന്നും പ്രഖ്യാപിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി