ചലച്ചിത്രം

'നൂറു കണക്കിന് ക്രീമുകൾ ഞാനും മുഖത്തു തേച്ചിട്ടുണ്ട്', രണ്ട് കോടിയുടെ പരസ്യം വേണ്ടെന്നുവച്ചതിനു കാരണം പറഞ്ഞ് സായ് പല്ലവി

സമകാലിക മലയാളം ഡെസ്ക്


മികച്ച അഭിനയത്തിലൂടെ മാത്രമല്ല നിലപാടുകളിലൂടെയും ആരാധകരുടെ കയ്യടി നേടിയ നടിയാണ് സായ് പല്ലവി.  മേക്കപ്പ് ഫ്രീ ലുക്കിലാണ് സായ് പല്ലവി കൂടുതലും ആ‌രാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടാറുള്ളത്. സൗന്ദര്യവർധക വസ്തുക്കളുടെ രണ്ടു കോടി രൂപയുടെ പരസ്യത്തിന് മോഡലാകാനുള്ള ക്ഷണം താരം നിരസിച്ചതും വലിയ വാർത്തയായിരുന്നു. ഇപ്പോൾ ആ പരസ്യം സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. 

പ്രേമം സിനിമയ്ക്ക് മുൻപ് താനും നിരവധി ക്രീമുകൾ ഉപയോ​ഗിച്ചിരുന്ന ആളായിരുന്നു എന്നാണ് താരം പറയുന്നത്. എന്നാൽ പ്രേമം ഇറങ്ങിയതിന് പിന്നാലെ മുഖക്കുരുവുള്ള തന്റെ മുഖത്തിന് ലഭിച്ച സ്വീകാര്യത കണ്ടതോടെയാണ് തനിക്ക് ആത്മവിശ്വാസം വന്നത് . സമൂഹം സൃഷ്ടിച്ച സൗന്ദര്യത്തിന്റെ അഴകളവുകൾ വച്ച് സ്വന്തം നിറത്തിന്റെ പേരിലും മറ്റും സ്വയം താഴ്ന്നവരാണെന്നു കരുതുന്ന നിരവധി പേരുണ്ട്. താനും അത്തരത്തിലുള്ള ആളായിരുന്നു. അങ്ങനെ ചിന്തിക്കുന്നവർക്കുവേണ്ടിയാണ് പരസ്യം വേണ്ടെന്നു വെച്ചത് എന്നാണ് താരം പറഞ്ഞത്. പണം ഒരിക്കലും മോഹിപ്പിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. 

സായ്​ പല്ലവിയുടെ വാക്കുകൾ

സമൂഹം സൃഷ്ടിച്ച സൗന്ദര്യത്തിന്റെ അഴകളവുകൾ വച്ച് സ്വന്തം നിറത്തിന്റെ പേരിലും മറ്റും സ്വയം താഴ്ന്നവരാണെന്ന അപകർഷതാബോധം കൊണ്ടുനടക്കുന്നവർ ഏറെയുണ്ട്. ഞാനെന്തിന് മറ്റുള്ളവരെക്കുറിച്ച് പറയണം? ഞാൻ സ്വയം അങ്ങനെയായിരുന്നല്ലോ. പ്രേമത്തിന് മുൻപ് എന്റെ മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകൾ ഞാനും പരീക്ഷിച്ചിട്ടുണ്ട്. എനിക്ക് വീടിന് പുറത്തു പോകാൻ പോലും മടിയായിരുന്നു. ഞാൻ വീട്ടിൽ തന്നെ ഇരിക്കും. എന്റെ വിചാരം ആളുകൾ എന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക... എന്റെ കണ്ണിൽ നോക്കി സംസാരിക്കില്ല. അങ്ങനെ ഗുരുതരമായ പ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു. 

എന്നാൽ പ്രേമത്തിനു ശേഷം ആളുകൾ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവർക്ക് എന്നെ കൂടുതൽ ഇഷ്ടമായി. കൗമാരപ്രായത്തിലുള്ള കുട്ടികളെ ആ കഥാപാത്രം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത് എന്നെ കൂടുതൽ കരുത്തയാക്കി. അവരുടെ സ്നേഹത്തിന് പകരമായി എനിക്ക് എന്തെങ്കിലും അവർക്ക് കൊടുക്കണമായിരുന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. അവർ ഒറ്റയ്ക്കല്ല എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. 

എന്നേക്കാളും ഡാർക്ക് ആണ് എന്റെ അനുജത്തി. അവൾ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോൾ അമ്മ പറയും, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കിൽ ഇതെല്ലാം കഴിക്കണമെന്ന്. പാവം കുട്ടി... ഇഷ്ടമല്ലെങ്കിലും അവൾ അതെല്ലാം കഴിക്കും. ഇതെല്ലാം കണ്ടാണ് ഞാൻ വളർന്നത്. നിറത്തിന്റെ പേരിൽ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. അവർക്കൊപ്പം നിൽക്കണമെന്ന് എനിക്ക് തോന്നി. മറ്റാർക്കും വേണ്ടിയല്ല... എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്കിത് ചെയ്യണമായിരുന്നു. അതു ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം?. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്