ചലച്ചിത്രം

ഇതാണോ കരിങ്കല്‍ പ്രതിമ പോലിരിക്കുന്ന രാച്ചിയമ്മ? കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമ; വിമർശനം  

സമകാലിക മലയാളം ഡെസ്ക്

റൂബിന്റെ ചെറുകഥ 'രാച്ചിയമ്മ' സിനിമയാകുമ്പോൾ അതിൽ രാച്ചിയമ്മയുടെ ‌കഥാപാത്രമായി എത്തുന്നത് നടി പാര്‍വതി തിരുവോത്താണ്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയെ ആസ്പദമാക്കി ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയാണ് നായകന്‍. എന്നാൽ രാച്ചിയമ്മയായുള്ള പാർവതിയുടെ ആദ്യ ലുക്ക് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ തന്നെ വിമർശനമുയരുകയാണ്. നോവലിലെ രാച്ചിയമ്മയുമായി കാസ്റ്റിങ് ഒരുതരത്തിലും യോജിക്കുന്നില്ലെന്നാണ് വിമർശനം. 

ദീപ നിഷാന്ത് , അഡ്വ കുക്കു ദേവകി എന്നിവർ ഈ പിഴവ് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിക്കഴിഞ്ഞു. ‘കരിങ്കല്‍പ്രതിമ പോലുള്ള ശരീരം’ എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച കഥാപാത്രമാണ് രാച്ചിയമ്മ. ‘ടോര്‍ച്ചടിക്കും പോലുള്ള ഇടിമിന്നല്‍ച്ചിരിയുള്ള’ പെണ്ണാണ്. ‘കറുത്തു നീണ്ട വിരല്‍ത്തുമ്പുകളില്‍ അമ്പിളിത്തുണ്ടുകള്‍ പോലുള്ള ‘ നഖങ്ങളോടുകൂടിയ പെണ്ണാണ്. ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോള്‍ രാച്ചിയമ്മയെ കണ്ടറിയാന്‍ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്! ആ രൂപത്തിലേക്ക് പാര്‍വതിയെ കൊണ്ടുവരാന്‍ വലിയ പ്രയാസമൊന്നും കാണില്ല, രാച്ചിയമ്മയ്ക്കായി കാത്തിരിക്കുന്നു, എന്നാണ് ദീപ കുറിച്ചിരിക്കുന്നത്. 

കരിങ്കല്‍ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്? എന്ന് ചോദിച്ചാണ് കുക്കു ദേവകിയുടെ വിമർശനം. 

കുക്കു ദേവകിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ പടമാണ് താഴെ..രാച്ചിയമ്മയായി പാര്‍വതിയാണ്..നോക്കൂ… എന്തൊരു തെറ്റായ കാസ്റ്റിങ് ആണത്…

ഞാന്‍ നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്‌നം.. എങ്ങനെ പറയാതിരിക്കും? കരിങ്കല്‍ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്?…

നമ്മള്‍ വീണ്ടും വീണ്ടും പറയുമ്പോള്‍ അരോചകപ്പെട്ടിട്ട് കാര്യമില്ല.. ഇതാണ് സത്യം…  ഇതാണ് കറുപ്പിനോടുള്ള സമീപനം

നിറത്തിലെന്തിരിക്കുന്നു, കഥാപാത്രത്തെ മികവുറ്റതാക്കാനുള്ള പാർവതിയുടെ കഴിവിനെയാവണം സംവിധായകൻ പരിഗണിച്ചത് എന്നൊക്കെ വിശദീകരണങ്ങൾ വരുന്നത് കണ്ടു. ഏതാണ്ട് രൂപത്തിലും നിറത്തിലുമൊക്കെ ചേരുന്ന ആളുകളിൽ നിന്ന് 'കഴിവ്' പുറത്തെടുപ്പിക്കാൻ സംവിധായകർ പഠിക്കട്ടെ, വെളുത്ത നിറത്തിന്റെയും അതിനുള്ള മാർക്കറ്റിന്റെയും അങ്ങനെ ധാരാളം അവസരം കിട്ടിയതുകൊണ്ട് താരതമ്യേന 'ആദ്യമേ കഴിവ് തെളിയിച്ച' ആളുകളുടെയും മേൽ കുരുങ്ങിക്കിടക്കാതെ. അലീന പറഞ്ഞ പോലെ, "If you can't cast dark people, don't make movies on them."

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം