ന്യൂഡൽഹി: തന്റെ മതേതര കാഴ്ചപ്പാടുകൾ ആവർത്തിച്ച് വീണ്ടും ബോളിവുഡ് കിങ് ഷാരൂഖ് ഖാൻ.
താൻ മുസ്ലിമും ഭാര്യ ഹിന്ദുവും മക്കൾ ഇന്ത്യക്കാരുമാണെന്നുള്ള ഷാരൂഖിൻെറ പ്രസ്താവന ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മക്കളുടെ സ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷാഫോമിൽ മതം ചോദിക്കുന്ന ഭാഗത്ത് ‘ഇന്ത്യൻ’ എന്നാണ് രേഖപ്പെടുത്തിയതെന്നും ഷാരൂഖ് വ്യക്തമാക്കി. വീട്ടിൽ ഒരിക്കലും മതത്തെ കുറിച്ചുള്ള ചർച്ചകൾ നടത്താറില്ലെന്ന് ഷാരൂഖ് മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ചാനലിൻെറ റിയാലിറ്റി ഷോയിൽ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു ഷാരൂഖ്.
‘ഞങ്ങൾ ഒരിക്കലും മതത്തെ കുറിച്ച് ചർച്ച ചെയ്യാറില്ല. എൻെറ ഭാര്യ ഹിന്ദുവാണ്. ഞാൻ മുസ്ലിമും. ഞങ്ങളുടെ മക്കൾ ഇന്ത്യക്കാരും. മക്കളെ സ്കൂളിൽ ചേർക്കുന്ന സമയത്ത് അപേക്ഷാഫോമിൽ മതം ഏതെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. ചെറുതായിരിക്കുമ്പോൾ മകൾ ഒരിക്കൽ എന്നോട് ചോദിക്കുകയുമുണ്ടായി-‘പപ്പ, നമ്മൾ ഏത് മതത്തിൽപ്പെട്ടവരാണ്?’ എന്ന്. ഞാൻ അതിൽ എഴുതിയത് നമ്മൾ ഇന്ത്യക്കാർ ആണെന്നാണ്. ഞങ്ങൾക്ക് മതമില്ല. ഉണ്ടാവുകയുമില്ല’- ഷാരൂഖ് പറഞ്ഞതിനെ നിറഞ്ഞ കൈയടിയോടെയാണ് മത്സരാർഥികളും അവതാരകരും വിധികർത്താക്കളും കാണികളും സ്വീകരിച്ചത്. ഇതിൻെറ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടതോടെ വൈറലായിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ