ഭര്‍ത്താവിന്റെ അകാലമരണം ഏല്‍പ്പിച്ച ആഘാതത്തിലാണ് നടി നേഹ അയ്യര്‍ തന്റെ കണ്മണിയെ വരവേറ്റത്. ഇപ്പോള്‍ നേഹയുടെ ലോകം തന്നെ അവനാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടിലും മകനെക്കുറിച്ചുള്ള വിശേഷങ്ങളാണ് നിറയെ. അതിനിടയിലും ഭര്‍ത്താവ് അവിനാശിന്റെ വിയോഗം നേഹയെ മുറിപ്പെടുത്തുന്നുണ്ട്. വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നേഹ.
'അവനെക്കുറിച്ച് ഇങ്ങനെ എഴുതേണ്ടിവരും എന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഇത്ര നല്ല മനുഷ്യനെക്കുറിച്ച് സംസാരിക്കുന്നതും ചിന്തിക്കുന്നതും അഭിമാനമാണ്. എന്റെ ഭര്‍ത്താവ്, ഉറ്റ സുഹൃത്ത്, സോള്‍മേറ്റ്, എന്റെ കുഞ്ഞിന്റെ അച്ഛന്- കഴിഞ്ഞ വര്‍ഷം ജനുവരി 11നാണ് ഞങ്ങളെ വിട്ടുപിരിഞ്ഞത്. ഇവന് എനിക്ക് ആരായിരുന്നു എന്നു പറയാന്‍ വാക്കുകള്‍ ഇല്ല. ഞാന്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ദയാലുവായ നന്നായി പെരുമാറുന്ന ശുദ്ധമനസിന് ഉടമ.
രസകരമായി സംസാരിക്കാന്‍ അദ്ദേഹത്തിനാവും. അവന് എനിക്ക് ചിറകുകള് തന്നു, എന്നെ പറത്തി, എന്റെ ഭ്രാന്തുകള്‍ക്ക് കൂട്ടുനിന്നു. എന്റെ ആഗ്രഹങ്ങളെയെല്ലാം പിന്തുണച്ചു. 15 വര്‍ഷം ഞങ്ങള്‍ ഒന്നിച്ചു വളര്‍ന്നു. എന്നെ രാജകുമാരിയെപ്പോലെ അവന് നോക്കി. മരിക്കുന്നതുവരെ എന്നെ പ്രണയിച്ചു. അദ്ദേഹത്തിന്റെ ഭാര്യയാവാന്‍ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞതിലും ഞാന്‍ അഭിമാനിക്കുന്നു. ഈ ലോകത്ത് എനിക്ക് ലഭിച്ച ഏറ്റവും മികച്ചത് അവനായിരുന്നു. ' നേഹ കുറിച്ചു.
കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനുശേഷം നടി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നേഹ അറിഞ്ഞത്. തുടര്‍ന്ന് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഈസ്റ്റര്‍ ദിനത്തിലാണ് നേഹ ചിത്രങ്ങളിലൂടെ പുറത്തുവിട്ടത്. ഭര്‍ത്താവിന്റെ വിയോഗം തീര്‍ത്ത വേദനയിലായിരുന്നു നേഹയുടെ ഗര്‍ഭകാലം. ഭര്‍ത്താവിന്റെ ജന്മദിനത്തിനായിരുന്നു നേഹ അന്ഷിന് ജന്മം നല്‍കുന്നത്. കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനത്തിലൂടെയാണ് നേഹ ശ്രദ്ധനേടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ