ചലച്ചിത്രം

വിദേശ ചിത്രീകരണത്തിന് മുടക്കിയത് 13 കോടി, ബാക്കി സംവിധാനം ചെയ്യാൻ ചോദിച്ച പ്രതിഫലം അഞ്ചു കോടി ; മിഷ്കിനെതിരെ വിശാലിന്റെ വെളിപ്പെടുത്തൽ 

സമകാലിക മലയാളം ഡെസ്ക്

തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിൽ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ പിൻമാറിയതിൽ പ്രതികരിച്ച് നടനും ചിത്രത്തിന്റെ നിർമാതാവുമായ വിശാല്‍. മിഷ്‌കിന്റെ പ്രവർത്തി തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ വിശാൽ മറ്റാരും ഇതുപോലുള്ളവരുടെ ഇരയായിത്തീരരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ട് താൻ എല്ലാം തുറന്നുപറയുന്നു എന്ന് പറഞ്ഞാണ് സംഭവങ്ങൾ വിവരിക്കുന്നത്. 

ചിത്രീകരണം തുടങ്ങി ഒരു ഷെഡ്യൂൾ പിന്നിടുമ്പോഴാണ്  മിഷ്‌കിന്‍ പുറത്ത് പോയത്. സിനിമയുടെ ബജറ്റ് 40 കോടിക്ക് മുകളിൽ എത്തിയപ്പോഴാണ് വിശാലും മിഷ്കിനും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതോടെ സംവിധാനം വിശാൽ ഏറ്റെടുക്കുകയായിരുന്നു.

നിര്‍മാതാവിന്റെ പക്കല്‍ സിനിമ പൂര്‍ത്തിയാക്കാനുള്ള പണം ഇല്ലെന്ന കാരണമാണ് സിനിമ ഉപേക്ഷിച്ചതിന് മിഷ്കിൻ നൽകിയ വിശദീകരണം. എന്നാൽ ഇത് സത്യമല്ലെന്ന് വിശാൽ പറയുന്നു. യുകെ, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനായി ഏകദേശം 13 കോടി രൂപയാണ് ചെലവായതെന്നും ഒരു ദിവസം വെറും 3-4 മണിക്കൂര്‍ മാത്രമായിരുന്നു ഷൂട്ടിങ് നടത്തിയതെന്നും വിശാൽ പറഞ്ഞു. കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ അവിടെ എത്തിയതിന് ശേഷം മിഷ്‌കിന്‍ ലൊക്കേഷന്‍ തിരഞ്ഞ് നടക്കുകയായിരുന്നു. ദിവസവും 15 ലക്ഷം വീതം അതിനായി മുടക്കി. മുഴുവന്‍ സമയം ചിത്രീകരിക്കണമെന്നും വിദേശത്തെ ഷൂട്ടിങ് വേഗം തീര്‍ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇത് അംഗീകരിച്ചില്ല.  പറഞ്ഞ സമയത്തിന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയില്ല എന്ന് മാത്രമല്ല വളരെ നിരുത്തരവാദിത്തത്തോടെ പെരുമാറി. ഡിസംബറില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മിഷ്‌കിന്‍ പിന്നീട് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി പ്രൊഡക്ഷന്‍ ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരിയിലാണ്. ഇത് എല്ലാ നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്, വിശാൽ ചൂണ്ടിക്കാട്ടി. 

എന്തിനാണ് സംവിധായകൻ ഒരു സിനിമയുടെ പാതിവഴി ഉപേക്ഷിച്ചുപോകുന്നത് എന്ന് ചോദിക്കുന്ന വിശാൽ സിനിമ പൂർത്തിയാക്കാൻ എന്റെ കൈയ്യിൽ പൈസ ഇല്ലാത്തതുകൊണ്ടോ അതോ സിനിമയുടെ നല്ലതിനു വേണ്ടി സംവിധായകനോട് ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതുകൊണ്ടോ എന്ന സംശയമാണ് ഉന്നയിക്കുന്നത്. 

സിനിമയില്‍ നിന്ന് പുറത്ത് പോയതിന് ശേഷം മിഷ്‌കിനെ അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ ബാക്കി ഭാഗങ്ങള്‍ സംവിധാനം ചെയ്യണമെങ്കില്‍ അഞ്ചു കോടി രൂപ പ്രതിഫലം നല്‍കണമെന്ന് മിഷ്‌കിന്‍ ആവശ്യപ്പെട്ടു എന്നും വിശാൽ ആരോപിക്കുന്നു. ഇതോടൊപ്പം സിനിമയുടെ എല്ലാ അവകാശങ്ങളും അയാളുടെ പേരിൽ എഴുതി നൽകണമെന്നും പറഞ്ഞു. അഞ്ചു കോടിക്കു പുറമെ ഹിന്ദി റീമേക്കിന്റെ അവകാശം. ചിത്രത്തിന്റെ ടൈറ്റിൽ, കഥാപാത്രങ്ങള്‍ എന്നിവയുടെ അവകാശം. ഇതോടൊപ്പം ചിത്രത്തിന്റെ ഷൂട്ടിങ് 90 ദിവസത്തിൽ കൂടുതൽ നീണ്ടുപോയാൽ സംവിധായകന് മറ്റ് പ്രോജക്ട് ചെയ്യാനുള്ള സമയവും അനുവദിക്കണം.

ഈ ആവശ്യങ്ങളൊന്നും താൻ അം​ഗീകരിച്ചില്ലെന്ന് വിശാൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍