ചലച്ചിത്രം

'അറപ്പും ഇഷ്ടക്കുറവുമൊക്കെ കളഞ്ഞു ആദർശവതിയാവാൻ പറയുന്നവരോട് പോയി പണിനോക്കാൻ പറയണം'; ഹരീഷ് മകളോട് പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

പാട്ടിലൂടെയും ശക്തമായ നിലപാടുകളിലൂടെയും ആരാധകരുടെ കയ്യടി നേടാറുള്ള ​ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ഇപ്പോൾ തന്റെ മകളെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ നടി വിധുബാല സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് മകൾക്ക് താൻ പറഞ്ഞുകൊടുത്തിട്ടുള്ള കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് കുറിപ്പ് പങ്കുവെച്ചത്. പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദർശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ടെന്നാണ് ഹരീഷിന്റെ വാക്കുകൾ. 

ഹരീഷിന്റെ കുറിപ്പ് വായിക്കാം

ഇത് എന്റെ മകളാണ്... ഇവൾക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാൻ അറിയാം, അവൾ അത്‌ വ്യക്തമായി പറയാറും ഉണ്ട് ... കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്പോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷൻ ആയ ഞാൻ 'കഷ്ണം മുഴുവൻ എനിക്കും, പാതി ചാറ് നിനക്കും നിന്റെ അമ്മയ്ക്കും' എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ പറഞ്ഞു കൊടുത്തിട്ടില്ല.സ്വന്തം ജോലി അത് എന്ത് തന്നെ ആയാലും ( പാത്രം കഴുകുകയോ, ടോയ്ലറ്റ് വൃത്തിയാക്കുകയോ എന്ത് വേണെങ്കിൽ ആയിക്കോട്ടെ )- അത് സ്വയം ചെയ്യുക എന്നത് ഒരു ആന കാര്യം അല്ല - അവളായാലും ഞാൻ ആയാലും ആരായാലും എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്. പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദർശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ട്.പിന്നെ പിൽക്കാലത്തു അവളുടെ വീട്ടിലോ, എന്റെ വീട്ടിലോ ഭർത്താവിന്റെ വീട്ടിലോ വാടക വീട്ടിലോ എവിടെയായാലും അവൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും, അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, പ്രേമിക്കാനും, വിവാഹം കഴിക്കാനും കഴിക്കാതെ ഇരിക്കാനും, ആരുടേയും സമ്മതം വേണ്ട എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്. സ്വന്തമായി അഭിപ്രായം ഉണ്ട് എന്ന കാരണത്താലോ, പാചകം അറിയില്ല എന്ന കാരണത്താലോ, ഇഷ്ടം അല്ലാത്ത കാര്യങ്ങൾ അവൾ ചെയ്യില്ല എന്ന കാരണത്താലോ വരുന്ന 'വരും വരായ്കകളെ ' അങ്ങോട്ട്‌ വരട്ടെ എന്ന് പറയാനും പഠിപ്പിച്ചിട്ടുണ്ട്. ഈ പഠിപ്പിച്ച കൊണ്ടുള്ള ബുദ്ധിമുട്ട് അവൾ സഹിച്ചോളും - ചുറ്റും ഉള്ള കുലമമ്മീസ് ആൻഡ് കുലഡാഡീസ് വിഷമിക്കേണ്ടതില്ല.ഞാൻ എന്തോ ഭയങ്കര സംഭവം ആയ അച്ഛൻ ആണ് ഇങ്ങനെ ഒക്കെ പറയാൻ എന്ന തെറ്റിധാരണ ഒന്നും എനിക്ക് ഇല്ല. സ്വന്തം മകൾക്ക് അവളുടെ തീരുമാനങ്ങൾ എടുക്കാൻ ഉള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരു അച്ഛൻ അത്രേ ഉള്ളു. വേറെ എന്തെങ്കിലും ഒക്കെ നിങ്ങക്ക് തോന്നിയാൽ അതിനു എനിക്ക് ഒന്നും പറയാൻ ഇല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍