ചലച്ചിത്രം

75 ലക്ഷം ഒരു കോടിയാക്കി, 45 ലക്ഷം വാങ്ങുന്നയാള്‍ ചോദിച്ചത് 50; മോഹൻലാൽ കുറച്ചപ്പോൾ രണ്ട് പ്രമുഖർ പ്രതിഫലം കൂട്ടി; നടപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതെ രണ്ട് പ്രമുഖ നടന്മാർ കോവിഡ് കാലത്തേക്കാൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ്. തുടർന്ന് ഇവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസൂത്രണം ചെയ്ത രണ്ട് സിനിമകളുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. 

സൂപ്പർതാരം മോഹൻലാൽ പ്രതിഫലം കുറച്ചപ്പോഴാണ് മറ്റു ചില താരങ്ങൾ കൂട്ടിയത്. 75 ലക്ഷം വാങ്ങിയിരുന്ന നടൻ ഒരു കോടിയും 45 ലക്ഷം വാങ്ങിയിരുന്ന നടൻ 50 ലക്ഷവുമാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. തുടർന്ന് രണ്ട് ചിത്രങ്ങളുടേയും നിർമാതാക്കൾക്ക് കത്ത് അയക്കാൻ അസോസിയേഷൻ തീരുമാനിച്ചു. പ്രതിഫലം ഉൾപ്പടെ നിർമാണ ചെലവു കുറയ്ക്കുന്നതു സംബന്ധിച്ചുള്ള പുനഃപരിശോധനയ്ക്ക് ശേഷമാകും ഈ സിനിമകൾക്ക് അനുമതി നൽകുക.

മോഹൻലാലിന്റെ ദൃശ്യം 2 ഉൾപ്പടെ 11 പുതിയ ചിത്രങ്ങളുടെ നിർമാണച്ചെലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് നിർവാഹക സമിതി പരിശോധിച്ചത്. കോവിഡ് കാലത്തു ചെയ്ത സിനിമയിൽ ലഭിച്ചതിനേക്കാൾ 50 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായ അദ്ദേഹം നിർമാതാക്കളുടെ അഭ്യർത്ഥന പ്രകാരം പ്രതിഫലം ​ഗണ്യമായി കുറയ്ക്കാൻ തയാറാവുകയായിരുന്നു.  

അതിനിടെ പുതിയ ചിത്രങ്ങളുടെ റിലീസുകൾ ഉടനെ വേണ്ടെന്നും സംഘടന തീരുമാനിച്ചു. ജിഎസ്ടിക്കു പുറമേ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിനോദ നികുതി പിൻവലിക്കാതെ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ പലവട്ടം സർക്കാരിന് നിവേദനം നൽകിയിട്ടും അനുകൂല നടപടിയില്ലാത്തതിനാലാണ് തീയെറ്ററുകൾ തുറന്നാലും പുതിയ ചിത്രങ്ങൾ പുറത്തിറക്കേണ്ടെന്ന് കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി