ചലച്ചിത്രം

നടനാകാനുള്ള 'രൂപഭംഗി'യില്ല എന്നു പറഞ്ഞ് തിരിച്ചയച്ചു, വാശിയില്‍ നാടകം പഠിച്ചു ; അരനൂറ്റാണ്ടിലേറെ വേദിയെ പുളകം കൊള്ളിച്ച കലാകാരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നാടക നടനാവുക എന്ന തീവ്രമായ മോഹവുമായി പലരെയും സമീപിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് തിരിച്ചയച്ചതോടെ വാശി കയറി നാടകം പഠിച്ച ആളാണ് കെടിഎസ് പടന്നയില്‍ എന്ന കെ ടി സുബ്രഹ്മണ്യന്‍. ചെറുപ്പം തൊട്ടേ നാടകത്തോട് വലിയ കമ്പമായിരുന്നു. വേഷം തേടി പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

അതോടെ നാടകരംഗത്ത് വരണം എന്നത് വാശിയായി. അങ്ങനെയിരിക്കെ തൃപ്പൂണിത്തുറ ഊട്ടുപുര ഹാളില്‍ ചര്‍ക്ക ക്ലാസില്‍ ചേര്‍ന്നു. വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കുന്ന നാടകത്തില്‍ അഭിനയിക്കാം എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. അങ്ങനെ 65 വര്‍ഷം മുമ്പ് 'വിവാഹദല്ലാളി' എന്ന നാടകത്തില്‍ ദല്ലാളിയായി അഭിനയിച്ചു. പടന്നയിലിന്റെ നാടക അരങ്ങേറ്റമായിരുന്നു അത്. 

1957ല്‍ സ്വയം എഴുതി തൃപ്പൂണിത്തുറയില്‍ 'കേരളപ്പിറവി' എന്ന നാടകം അവതരിപ്പിച്ചു. തുടര്‍ന്ന് അഞ്ചുരൂപ പ്രതിഫലത്തില്‍ അമെച്വര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്ത് 50 വര്‍ഷം തിളങ്ങി. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്ത് സിനിമാ സംവിധായകന്‍ രാജസേനന്‍ നാടകം കാണാന്‍ ഇടയായത് ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. രാജസേനന്റെ 'അനിയന്‍ ബാവ, ചേട്ടന്‍ ബാവ' യിലൂടെ പടന്നയില്‍ ആദ്യമായി സിനിമയിലെത്തി. പടം ഹിറ്റായതോടെ കൈനിറയെ ചിത്രങ്ങളായി.' 'വൃദ്ധന്‍മാരെ സൂക്ഷിക്കുക', 'ശ്രീകൃഷ്ണണപുരത്തെ നക്ഷത്രത്തിളക്കം' തുടങ്ങിയ സിനിമകളിലെ തമാശരംഗങ്ങള്‍ ഏറെ പ്രേക്ഷകപ്രീതി നേടി. 

140 ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'മാനം തെളിഞ്ഞു', 'അവരുടെ വീട്', 'ജമീലാന്റെ പൂവന്‍കോഴി' തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 

സാമ്പത്തിക പരാധീനതകള്‍ മൂലം 1947ല്‍ ഏഴാം ക്ലാസില്‍ വെച്ച്  പഠനം മുടങ്ങിയ പടന്നയില്‍, കുട്ടിക്കാലത്ത് കോല്‍കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളില്‍ പങ്കെടുത്തിരുന്നു. സിനിമാ നാടകരംഗത്ത് നിറഞ്ഞുനിന്നപ്പോഴും, തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ ചെറിയൊരു സ്‌റ്റേഷനറി കടയും കെ ടി എസ് പടന്നയില്‍ നടത്തി വന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു