ചലച്ചിത്രം

'അതേ നോട്ടം, ചിരി, കാലിലെ പെരുവിരൽ മുതൽ തലമുടി വരെ ഒരു പെരുപ്പ് ഇരച്ച് കയറി'; കുറിപ്പുമായി ജി വേണു​ഗോപാൽ

സമകാലിക മലയാളം ഡെസ്ക്

കാലത്തിൽ പൊലിഞ്ഞ തന്റെ സുഹൃത്തിന്റെ ഓർമകളുമായി ​ഗായകൻ ജി വേണു​ഗോപാൽ. തൃശ്ശൂർ ആകാശവാണിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഒന്നിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കളേക്കുറിച്ചാണ് കുറിപ്പ്. ഒന്നിച്ചുള്ള സംസാരങ്ങളും യാത്രകളുമെല്ലാം വേണു​ഗോപാൽ പങ്കുവെക്കുന്നുണ്ട്. ഫോട്ടോകൾ ചിലപ്പോൾ വെറും ഗൃഹാതുരത്വം മാത്രമല്ല, ഒരു ചെറുപ്പകാലത്തെ മുഴുവൻ ഓടിച്ചിട്ട് പിടിക്കുവാനുള്ള അത്യാഗ്രഹം കൂടിയാണ് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്. തന്റെ സുഹൃത്തുക്കളായ രാമു, ഹസൻ, റഹീം എന്നിവരെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അവർക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.

വേണു​ഗോപാലിന്റെ കുറിപ്പ് വായിക്കാം 

With your every knock,
The living memories get a chance to live!
ചില ഫോട്ടോകൾ ഒരു കാലത്തിനെ അങ്ങനെ തന്നെയാവാഹിച്ച് മുൻപിൽ കൊണ്ട് വരും പോലെ!
ഫോട്ടോകൾ ചിലപ്പോൾ വെറും ഗൃഹാതുരത്വം മാത്രമല്ല, ഒരു ചെറുപ്പകാലത്തെ മുഴുവൻ ഓടിച്ചിട്ട് പിടിക്കുവാനുള്ള അത്യാഗ്രഹം കൂടിയാണ്!
"കാലത്തിനോട്ടുരുളിയിൽ നിന്ന് ഇന്നലെകളെ
കൈവെള്ളയിൽ പൊന്ന് കൈനീട്ടമായ് തന്ന " ചില ഫോട്ടോകൾ ഇവിടെ പങ്ക് വയ്ക്കട്ടെ.
1988. തൃശ്ശൂർ ആകാശവാണിയിലെ ജോലിക്കാലം. ആദ്യമായി വീട് വിട്ട് നിൽക്കുന്ന എനിക്ക് വീട്ടുകാരെപ്പോൽ തോന്നിച്ച ചില കൂട്ടുകാരെ കിട്ടി. രാമപ്രസാദ് എന്ന രാമു, ഹസൻ, റഹീം. എൻ്റെയോരോ പുതിയ പാട്ടും, ഓരോ ഗാനമേളയും ആഘോഷമാക്കി മാറ്റിയവർ. രാമവർമ്മപുരത്തുള്ള രാമുവിൻ്റെ വീടും വീട്ടുകാരും എൻ്റെയും കൂടിയായ് മാറി. കച്ചവടത്തിരക്കുകൾക്കിടയിൽ കുന്നംകുളത്ത് നിന്ന് ഹസൻ എന്നും ഒഴിവെടുത്ത് എന്നോടൊപ്പം കൂടി . ഗാനമേള വേദികളിലേക്ക് ഞങ്ങൾ ഹസൻ്റെ അംബാസഡർ കാറിൽ, ആഡംബരത്തോടെ, ഒരൽപ്പം അഹമ്മതിയോടെ പറന്ന് നടന്നു. കേച്ചേരിയിലെ റഹിം എൻ്റെ ഗാനമേളകളിലെ സ്ഥിരാംഗമായും മാറി. നീണ്ട് മെലിഞ്ഞ് വെളുത്ത് സുന്ദരനായ റഹിം പഴയ ഹിന്ദി ഗാനങ്ങളും നാടകഗാനങ്ങളും പാടുമ്പോൾ ഇടത് വശത്ത് മുൻപിലായി തട്ടമിട്ട് സുറുമയെഴുതിയ ഒരു ജോടി കണ്ണുകൾ പ്രണയ മധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളായ് റഹിമിൽ മാത്രം ശോഭ ചൊരിഞ്ഞു. നുജുവിൻ്റെയും റഹിമിൻ്റെയും പ്രണയം വിവാഹത്തിൽ കലാശിക്കുമോ എന്ന് അന്ന് ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. വർഷങ്ങളായി രണ്ട് വീട്ടുകാരും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയായിരുന്നു പ്രശ്നം. എത്രയോ യാത്രകളിൽ, രാത്രികളിൽ, ഞങ്ങൾ ഒരിടത്തുമെത്താത്ത ചർച്ചകളാൽ നേരം വെളുപ്പിച്ചിരിക്കുന്നു, എത്രയോ ആശങ്കകൾ പങ്കിട്ടിരിക്കുന്നു! 1990 ൽ ഞാൻ തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ വാങ്ങി വന്നയുടൻ റഹിമിൻ്റെ ഫോണും വന്നു... "അളിയാ, ഞാൻ കെട്ടി ". ഞങ്ങളിരുവരുടെയും ജോലിയും, പുതിയ ജീവിതവും തിരക്കുകളും അപ്പൊഴേയ്ക്കും ഫോൺ കോളുകൾ പോലും അപൂർവ്വമാക്കി മാറ്റിയിരുന്നു. ഇടയ്ക്കൊരു നാൾ ഹസൻ്റെ ഫോൺ വിളിയെത്തി. റഹിമിനൊരു ആൺകുഞ്ഞ് ജനിച്ചു. റഹിമും വിളിച്ചു. ശബ്ദത്തിൽ ഒരു സന്തോഷമില്ലായ്മ ! "നല്ല സുഖമില്ലളിയാ". റഹിമിൻ്റെ രോഗത്തിൻ്റെ പൂർണവിവരം എത്താൻ പിന്നെയും വൈകി. കൂടുതൽ കൂടുതൽ ക്ഷീണിതനായി മാറിക്കൊണ്ടിരുന്നു അവൻ. വളരെ വൈകി ഒരു രാത്രി വന്ന കാൾ, അവൻ നമ്മളെയൊക്കെ വിട്ട് പോയി എന്ന വിലാപത്തിൻ്റെ യായിരുന്നു.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം കോഴിക്കോട് ടാഗൂർ ഹാളിൽ ഒരു സംഗീത പരിപാടി. ഇടവേളയിൽ സ്റേറജിന് പിറകിൽ തട്ടമിട്ടൊരു സ്ത്രീ. "വേണുവേട്ടാ അറിയുമോ?" എവിടെയോ കണ്ട് മറന്ന മുഖം. 
" മനസ്സിലായില്ലല്ലോ!"
"ഇവനെ മനസ്സിലായോ"?
തൊട്ടടുത്ത് അവരുടെ കയ്യിൽ തിരുപ്പിടിച്ച് മെലിഞ്ഞ് കൊലുന്ന നെ ഒരു സുന്ദരൻ കുട്ടി .
കാലിലെ പെരുവിരൽ മുതൽ തലമുടി വരെ ഒരു പെരുപ്പ് ഇരച്ച് കയറി.
അതേ നോട്ടം.
ചുണ്ടിൻ്റെ കോണിൽ അതേ ഒളിപ്പിച്ച് വച്ച ചിരി.
അതേ നിൽപ്പ്.
അലക്ഷ്യമായി രണ്ട് കൈകൾ അതേ പോലെ ചലിക്കുന്നു.
റഹിമിൻ്റെ മകൻ!
ഓർമ്മകളുടെ ഒരു തിര തള്ളലിൽ, വർഷങ്ങളുടെ ഏടുകൾ പിറകിലേക്ക് മറിഞ്ഞു കൊണ്ടേയിരുന്നു.
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ, വിറയ്ക്കുന്ന കരങ്ങളോടെ, ഞാനവൻ്റെ അലക്ഷ്യമായിക്കിടന്ന മുടി ഒതുക്കാൻ ശ്രമിച്ചു. അമ്മയും മോനും ടാഗൂറിൻ്റെ പടികൾ കടന്നു പോകുന്നത് വരെ നിർന്നിമേഷനായ്, നിശ്ശബ്ദനായ് ഞാൻ നോക്കി നിന്നു.
ഇക്കഴിഞ്ഞ ആഴ്ചകളിലൊന്നിൽ രാമു ബാഗ്ലൂരിൽ നിന്നു വന്നിരുന്നു. അടുത്ത ദിവസം ഹസൻ അയച്ച ഈ ഫോട്ടോകളും!
" ആർദ്രമേതോ വിളിക്ക് പിന്നിലായ്
പാട്ട് മൂളി ഞാൻ പോകവേ നിങ്ങൾ
കേട്ടു നിന്നുവോ തോഴരേ നന്ദി "!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു