ചലച്ചിത്രം

'അച്ഛൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മാവിന്റെ തുഞ്ചത്ത് ഇരിക്കുകയാണ് ലാൽ, അത്രയ്ക്കായിരുന്നു കുസൃതി'; മോഹൻലാലിനെക്കുറിച്ച് മല്ലിക

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി മല്ലിക സുകുമാരൻ‌. അതും മകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ. ബ്രോ ഡാഡിയിൽ മോഹൻലാലിന്റെ അമ്മയുടെ വേഷത്തിലാണ് മല്ലിക എത്തുന്നത്. കുട്ടിക്കാലം മുതൽ മോഹൻലാലുമായി അടുത്ത ബന്ധമാണ് മല്ലികയ്ക്കുള്ളത്. ഇരുവരുടേയും വീട്ടുകാർ തമ്മിലെല്ലാം നല്ല ബന്ധമായിരുന്നു. ഇപ്പോൾ മോഹൻലാലിന്റെ ചെറുപ്പത്തിലെ വികൃതിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മല്ലിക. 

മോഹൻലാലിന്റെ അച്ഛനും അമ്മയും പുറത്തു പോകുമ്പോൾ ലാലിനെ മല്ലികയുടെ വീട്ടിൽകൊണ്ടുവന്നാക്കും. എട്ടോ ഒൻപതോ വയസാണ് അന്ന് ലാലിന് പ്രായം. എന്നാൽ വലിയ വികൃതിക്കാരനായിരുന്നു എന്നാണ് മല്ലിക മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. 'ലാലിന് അന്ന് എട്ടോ ഒൻപതോ വയസ്സേയുള്ളൂ. വലിയ കുസൃതിയായിരുന്നു. ഒരിക്കൽ ഞങ്ങളുടെ അച്ഛൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അവിടത്തെ മാവിന്റെ തുഞ്ചത്ത് ഇരിക്കുകയാണ് ലാൽ. അന്നൊക്കെ വീടിന്റെ സ്റ്റെയർ കെയ്സിനു സിമന്റ് ഉപയോഗിച്ച് കെട്ടിയ കൈവരിയാണ് ഉണ്ടായിരുന്നത്. ഒരിക്കൽ രണ്ടാം നിലയിൽനിന്ന് കൈവരിയിലൂടെ അതിവേഗം തെന്നി താഴേക്കു വന്ന് അച്ഛന്റ മുന്നിലാണ് ലാൽ വന്നു വീണത്. ‘‘വിശ്വനാഥൻ നായരും ശാന്തകുമാരിയും വരുമ്പോൾ കയ്യോ, കാലോ ഒടിയാതെ ഇവനെ തിരികെ ഏൽപിക്കേണ്ടതാണ്’’ എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. അത്രയ്ക്കായിരുന്നു കുസൃതി.'- മല്ലിക പറഞ്ഞു. 

പഴയ ശീലംവച്ച് താൻ ഇപ്പോഴും മോഹൻലാലിനെ ‘ലാലു മോനേ’ എന്നാണ് വിളിക്കാറുള്ളതെന്നാണ് മല്ലിക പറയുന്നത്. അന്നത്തെ ആ സ്നേഹം എക്കാലത്തും മോഹൻലാൽ എന്നോടു കാട്ടിയിട്ടുണ്ട്. ലാലിന്റെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും തന്നെ വിളിക്കുമെന്നും താരം പറഞ്ഞു. ലാലിനെപ്പോലെ സഹകരിക്കുന്ന നടനെ ഞാൻ കണ്ടിട്ടില്ല. പത്തുതവണ റിഹേഴ്സൽ എടുക്കണമെങ്കിലും മടിയില്ല. എല്ലാം റെഡിയാകുമ്പോൾ എന്നെ വിളിച്ചാൽ മതിയെന്നു പറഞ്ഞു മാറി ഇരിക്കുന്ന താരങ്ങൾ ഉണ്ട്. എന്നാൽ മോഹൻലാൽ മുഴുവൻ സമയവും കൂടെത്തന്നെ നിൽക്കും. മോഹൻലാലിന്റെ ക്ഷമ എന്തെന്നു പുതിയ തലമുറ കണ്ടുപഠിക്കണമെന്നും മല്ലിക കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍