ചലച്ചിത്രം

'ബാല ചോദിച്ചത് വലിയ തുക, ട്രോളുകളിൽ പ്രശസ്തനായാൽ ആരും പ്രതിഫലം കൂട്ടാറില്ല'; മറുപടിയുമായി ഉണ്ണി മുകുന്ദൻ

സമകാലിക മലയാളം ഡെസ്ക്

ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ തനിക്ക് പ്രതിഫലം നൽകിയില്ല എന്ന ബാലയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി നടൻ ഉണ്ണി മുകുന്ദൻ. പത്രസമ്മേളനത്തിൽ എത്തിയാണ് താരം മറുപടി നൽകിയത്. 20 ദിവസമാണ് ബാല ജോലി ചെയ്തതെന്നും പതിനായിരം രൂപ ഒരു ദിവസം എന്ന കണക്കിൽ രണ്ടു ലക്ഷം രൂപ പ്രതിഫലമായി നൽകിയെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. പണം നൽകിയതിന്റെ വിവരങ്ങളും താരം പുറത്തുവിട്ടു. 

കഴിഞ്ഞ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു. ഓൺലൈനിൽ തനിക്ക് വലിയ പ്രശസ്തിയുണ്ടെന്നും പ്രതിഫലം കൂട്ടി നൽകണമെന്നും ബാല തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. വലിയ തുകയാണ് ചോദിച്ചത്. കുറച്ച് ട്രോളുകൾ കൊണ്ട് ഒരാൾ പ്രശ്സതനായെന്ന് പറഞ്ഞിട്ട് ഇതുവരെ ഒരാൾക്കും മലയാള സിനിമയിൽ പ്രതിഫലം കൂട്ടികൊടുത്തതായി തനിക്ക് അറിയില്ലെന്നും താരം വ്യക്തമാക്കി. 

ഷെഫീക്കിന്റെ സന്തോഷം സിനിമ തുടങ്ങിയപ്പോൾ ഞാനാണ് സംവിധായകനോട് ബാലയെ നിർദേശിക്കുന്നത്. അദ്ദേഹത്തിനൊരു ബ്രേക്ക് കിട്ടും എന്ന ചിന്തയിലാണ് സംവിധായകന് ഇഷ്ടമല്ലായിരുന്നിട്ട് കൂടി ഞാൻ മുന്നോട്ടുവന്നത്. മറ്റൊരു പ്രമുഖ നടനെ മാറ്റിയിട്ടാണ് ബാലയ്ക്ക് ഈ കഥാപാത്രം കൊടുക്കുന്നത്. ബാല മലയാളത്തിൽ ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തത് ഈ സിനിമയിലാണ്. അതും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രശസ്തി കണ്ടിട്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്. പടം സെൻസർ ചെയ്ത കോപ്പിയുടെ തിയതി കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും. ബാലയുടെ മൂന്ന് ഡയലോഗുകൾ മറ്റൊരു മിമിക്രി ആർട്ടിസ്റ്റിനെ വച്ചാണ് ചെയ്തത്. നിർമാതാവും സുഹൃത്തും എന്ന നിലയിൽ താനത് കണ്ണടക്കുകയായിരുന്നെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. 

സ്ത്രീകള്‍ക്ക് മാത്രം പൈസ കൊടുത്തു എന്ന് ബാല പറഞ്ഞു. ഈ സിനിമയില്‍ പ്രവർത്തിച്ച ടെക്‌നീഷ്യന്‍മാരില്‍ ഒരാള്‍ക്ക് പോലും പൈസ കൊടുക്കാതെ ഇരുന്നിട്ടില്ല. അവർക്ക് എവിടെയൊക്കെ പരാതിപ്പെടാം. അവർക്കുവേണ്ട സംഘടനകളുണ്ട്. അങ്ങനെ പറഞ്ഞത് മാത്രമാണ് തന്നെ കുറച്ച് വേദനിപ്പിച്ചതെന്നും ഉണ്ണി പറഞ്ഞു. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ബാലയുടെ അമ്മായിച്ചനെ പുറത്താക്കിയെന്നു പറഞ്ഞത് തെറ്റാണെന്നും താരം വ്യക്തമാക്കി. ഡബ്ബിങ് സ്റ്റുഡിയോ ടീമിന്റെ നിയമാവലിയിൽ ഉള്ളതാണ്. ഞങ്ങള്‍ക്കതുമായി ഒരു ബന്ധവുമില്ലെന്നും താരം പറഞ്ഞു. ബാല നിർമിച്ച ഒരു സിനിമയിൽ താൻ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സുഹൃത്തായതുകൊണ്ടാണ് താൻ അതിനു തയ്യാറായതെന്നും താരം പറഞ്ഞു. 

എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. സൗഹൃദത്തെ വളരെ സീരിയസായി കാണുന്ന ആളാണ്. ‍മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്റെ അമ്മ കരഞ്ഞിട്ടുണ്ട്. എന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നായിരുന്നു അവരുടെ വിഷമം. എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചിരുന്നു. ‘നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന്’ പറഞ്ഞു.- ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്