ചലച്ചിത്രം

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം; ഇന്നസെന്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് നടന്‍ ഇന്നസെന്റ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ദിലീപിനെതിരെ ഉയര്‍ന്ന പുതിയ സംഭവങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ആക്രമിക്കപ്പെട്ട നടിയുടെ സമൂഹമാധ്യമക്കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖരാണ് ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. . തന്റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്രയായിരുന്നു അതെന്നും കുറിപ്പില്‍ പറയുന്നു

അതിജീവിതിയുടെ കുറിപ്പ്

'അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിച്ചല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേ ഇരിക്കും.കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി'

ഡബ്ല്യുസിസിയുടെ കുറിപ്പ്

നമുക്ക് ചുറ്റുമുള്ളവര്‍ ഭയത്താല്‍ തലതാഴ്ത്തി നില്‍ക്കുമ്പോഴും, നമുക്ക് തല ഉയര്‍ത്തി പിടിച്ച് തന്നെ നില്‍ക്കാന്‍ സാധിക്കുന്നത്, തികച്ചും നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. അസാധാരണവും, അത്യധികവുമായ മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവര്‍ഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവള്‍, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണ്.

മലയാള സിനിമയില്‍ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളില്‍ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകള്‍ക്ക് ലഭിച്ച വിപുലമായ പിന്തുണ സ്തുത്യര്‍ഹമാണ്. എങ്കിലും അതിജീവനത്തിന്റെ പാതയില്‍, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയില്‍ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ.

ഇപ്പോള്‍ നല്‍കുന്നു എന്നു പറയുന്ന ഈ പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാന്‍ ഞങ്ങള്‍  ഈയവസരത്തില്‍ നിര്‍ബന്ധിതരാവുകയാണ്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയല്ലാതെ, തങ്ങളുടെ തൊഴിലിടങ്ങളില്‍ POSH
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കാന്‍, മലയാള സിനിമ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നുണ്ടോ! സംഘടനകളും, കൂട്ടായ്മകളും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നതിനും, സമത്വം ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും ചെയ്യുന്നുണ്ടോ!
നമ്മുടെ പുരുഷ സഹപ്രവര്‍ത്തകര്‍, നിലവില്‍ അവര്‍ക്കുള്ള നിര്‍ണായകമായ സ്വാധീനവും അധികാരവും ഉപയോഗിച്ചുകൊണ്ട്, സ്ത്രീകള്‍ക്ക് ന്യായവും ആരോഗ്യകരവും സുരക്ഷിതവുമായ പ്രവര്‍ത്തനാന്തരീക്ഷം ഉണ്ടെന്നും, അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തുന്നതിനായി, സ്ഥിരവും ശാശ്വതവുമായ സഖ്യം ചേരലുകള്‍ക്ക് തയ്യാറാകുന്നുണ്ടോ! ഇതാണ് ഞങ്ങള്‍ക്ക് വേണ്ട പിന്തുണ. ഇത്തരത്തിലുള്ള പരിഗണനയാണ് ഞങ്ങള്‍ അര്‍ഹിക്കുന്നത്.

ഈ കാലയളവില്‍, അതിജീവിച്ചവള്‍ക്കൊപ്പവും, WCC.ക്കൊപ്പവും നിന്നുകൊണ്ട്, ആത്മാര്‍ത്ഥമായി നിസ്വാര്‍ത്ഥമായി  പ്രവര്‍ത്തിച്ച ഓരോരുത്തരോടുമുള്ള സ്‌നേഹവും കൃതജ്ഞതയും വളരെ വലുതാണ്. മലയാള സിനിമാ രംഗത്ത് പുരോഗമനപരവും വ്യവസ്ഥാനുസൃതവുമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള ഞങ്ങളുടെ പ്രയത്‌നത്തില്‍ നിന്നും ഒരുതരത്തിലും പിന്നോട്ടു പോകാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. ഈ ഒരു യാത്രയില്‍ ഉള്ള നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ വളരെ വിലപ്പെട്ടതാണ്.

പക്ഷപാതപരമല്ലാത്ത, ന്യായമായ സമത്വത്തിലൂന്നി നില്‍ക്കുന്ന, സുരക്ഷിതമായാ ഒരു പ്രവര്‍ത്തനാന്തരീക്ഷത്തിനായുള്ള, ഞങ്ങളുടെ ഈ പോരാട്ടത്തില്‍, ഇനിയും ഒരുപാട് പേര്‍ക്ക് പങ്കുചേരാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി