ചലച്ചിത്രം

'നീ ചാകുമെടാ, പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ'; പത്ത് വർഷം കഴിഞ്ഞിട്ടും ഇന്നും ആ ചീത്തപ്പേര് കേൾക്കുന്നു: സുധീർ

സമകാലിക മലയാളം ഡെസ്ക്

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ സുകുമാരൻ. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് സുധീറായിരുന്നു. അതിനിടെ ചിത്രത്തിലെ നടിയോട് മോശമായി പെരുമാറിയെന്ന ആരോപണവും ഉയർന്നിരുന്നു. ഇപ്പോൾ പഴയ വിവാദത്തിൽ പ്രതികരണവുമായി സുധീർ രം​ഗത്തെത്തിയിരിക്കുകയാണ്. 

ഒരു പെണ്ണിനെയും റോഡിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോകാനോ വിവാഹം കഴിക്കാനോ ശ്രമിച്ചിട്ടില്ല എന്നാണ് സുധീർ പറയുന്നത്. പത്ത് വർഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേൾക്കുകയാണെന്നും താരം പറഞ്ഞു. താൻ കാൻസർ ബാധിതനാണെന്ന് പറഞ്ഞപ്പോൾ പോലും പലരും മോശം കമന്റുകളുമായി എത്തിയെന്നും സുധീർ കൂട്ടിച്ചേർത്തു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം. 

ഗൂഗിളിൽ നടൻ സുധീർ സുകുമാരൻ എന്നു തിരഞ്ഞാൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, കൊല്ലാൻ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്. എന്റെ കുഞ്ഞുങ്ങൾ സത്യമായി പറയുന്നു, ഞാനിങ്ങനെ ഒരു പെണ്ണിനെയും റോഡിൽ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോകാനോ ഭാര്യ ഇരിക്കെത്തന്നെ വേറൊരു പെണ്ണിനെ കല്യാണം കഴിക്കാനോ പോയിട്ടില്ല.- സുധീർ പറഞ്ഞു. 

ഇതിനെതിരെ അന്നു തന്നെ പ്രതികരിക്കാനിരുന്നതാണെന്നും വിനയൻ സാർ പറഞ്ഞതുകൊണ്ടാണ് മിണ്ടാതിരുന്നത് എന്നാണ് നടൻ പറയുന്നത്. ഇപ്പോൾ പ്രതികരിച്ചാൽ സിനിമ പരാജയമാകുമെന്നാണ് സാർ പറഞ്ഞത്. ആളുകൾ എല്ലാം പതിയെ മറക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പത്ത് വർഷം കഴിഞ്ഞിട്ടും ഇന്നും ആ ചീത്തപ്പേര് കേൾക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. 

ഞാൻ വയ്യാതിരുന്നപ്പോൾ കാൻസർ ആണെന്ന് തുറന്നു പറഞ്ഞ സമയമുണ്ട്. ‘ഞാൻ തിരിച്ചുവരും, നിങ്ങളുടെ പ്രാർഥന വേണ’മെന്നു സമൂഹമാധ്യമത്തിൽ കുറിച്ചപ്പോൾ, ‘‘നീ ചാകുമെടാ, പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’’ എന്നായിരുന്നു കമന്റ്. ഇതൊക്കെ കാണുന്ന എന്റെ മാനസികാവസ്ഥ ഓർത്തിട്ടുണ്ടോ? തെറ്റു ചെയ്യാതിരുന്നിട്ടും ഇതാണ് അവസ്ഥ.- സുധീർ പറഞ്ഞു. 

തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും ഒരു പെണ്ണിന്റെ ജീവിതം തകർത്തെന്ന ശാപം കിട്ടേണ്ട എന്നുകരുതിയാണ് മിണ്ടാതിരിക്കുന്നതെന്നും നടൻ പറഞ്ഞു. കാൻസർ വന്നിട്ട് വരെ ദൈവം എന്നെ ഉയർത്തെഴുന്നേൽപിച്ച് ഇതുവരെ എത്തിച്ചു. എന്നെ ഒന്നും തളർത്തുന്നില്ല. അടുത്തറിയാവുന്നവർക്ക് എന്നെ അറിയാം. ഡ്രാക്കുള നല്ല രീതിയിൽ വിജയിച്ചിട്ടും തന്റെ ഗ്രാഫ് മുകളിലേക്കു പോകാത്തതിനു കാരണം ആ ബ്ലാക്ക്മാര്‍ക്ക് ആയിരുന്നെന്നും നടൻ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

നരേന്ദ്രമോദി വാരാണസിയില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു