ദേശീയം

അറസ്റ്റു ചെയ്തു മൂന്നു മണിക്കൂറിനകം മല്യയ്ക്കു ജാമ്യം, ഇന്ത്യയിലെത്തിക്കല്‍ എളുപ്പമാവില്ല

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സ്‌കോട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്ത വിവാദ വ്യവസായി വിജയ് മല്യക്ക് ബ്രിട്ടിഷ് കോടതി ജാമ്യം അനുവദിച്ചു. ഇന്ത്യയില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മല്യയെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ഉടന്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. അറസ്റ്റിലായ മൂന്നു മണിക്കൂറിനകമാണ് മല്യ മോചിതനായത്.

സിബിഐയുടെ ആവശ്യപ്രകാരമാണ് വിജയ് മല്യയെ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തതെങ്കിലും വിചാരണയ്ക്കായി ഇന്ത്യയില്‍ എത്തിക്കുക എളുപ്പമാവില്ലെന്നാണ് സൂചനകള്‍. കുറ്റവാളികളെ കൈമാറുന്നത് കര്‍ശന നിബന്ധനകളുള്ള ബ്രിട്ടിഷ് നിയമങ്ങളുടെ നൂലാമാലകള്‍ മല്യയെ ഇന്ത്യയിലെത്തിക്കുന്നതിനു തടസമായേക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ പതിനൊന്നു മാസമായി പലവട്ടം ആവശ്യപ്പെട്ടിട്ടും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മല്യയെ കൈമാറുന്നതിന് ഇന്ത്യ ബ്രിട്ടന് കത്തു നല്‍കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം വഴി നല്‍കുന്ന കത്ത് കോടതിക്കു കൈമാറുകയാണ് ബ്രിട്ടിഷ് അധികൃതര്‍ ചെയ്യുക. കോടതിയായിരിക്കും മല്യയെ കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 

കുറ്റവാളികളെ കൈമാറുന്നതിനുള്ള കാറ്റഗറി രണ്ട് രാജ്യങ്ങളുടെ പട്ടികയിലാണ് ബ്രിട്ടന്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വിഭാഗത്തിലുള്ള രാജ്യങ്ങളിലേക്ക് പ്രതികളെ കൈമാറുന്നതിന് കൂടുതല്‍ നടപടിക്രമങ്ങളിലൂടെ കടന്നുപോവേണ്ടതുണ്ട്. കൂടുതല്‍ സമയമെടുക്കും എ്ന്നതാണ് ഇതിന്റെ മുഖ്യ പ്രശ്‌നം. യൂറോപ്യന്‍ രാജ്യങ്ങളും യുഎസുമാണ് കാറ്റഗറി ഒന്നിലുള്ളത്. ഇവയ്ക്കു ലഭിക്കുന്ന മുന്‍ഗണന മല്യയുടെ കാര്യത്തില്‍ ഇന്ത്യയ്ക്കു കിട്ടില്ല.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തന്നെ കേസില്‍ പ്രതിയാക്കിയെന്ന് മല്യയ്ക്കു കോടതിയില്‍ വാദിക്കാനാവുമെന്നതാണ് രണ്ടാമത്തെ തടസം. ഇങ്ങനെയൊരു വാദം വന്നാല്‍ ബ്രിട്ടിഷ് നിയമവ്യവസ്ഥയുടെ മുഴുവന്‍ സങ്കീര്‍ണതകളിലൂടെയും കടന്നുപോയതിനു ശേഷമേ സിബിഐക്കു മല്യയെ വിട്ടുകിട്ടൂ. ഇന്ത്യയിലുളള കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും ബ്രിട്ടിഷ് കോടതിയെ ബോധ്യപ്പെടുത്തി കൈമാറല്‍ നടത്തുകയെന്നത് എളുപ്പം നടക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. 

വിജയ് മല്യ അടക്കം പത്തു പേരെ കൈമാറുന്നതിന് ഇന്ത്യ നല്‍കിയ അപേക്ഷയാണ് ഇപ്പോള്‍ ബ്രിട്ടന്റെ പരിഗണനയിലുളളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരാളെ മാത്രമാണ് ഇന്ത്യയുടെ ആവശ്യപ്രകാരം ബ്രിട്ടന്‍ കൈമാറിയിട്ടുള്ളത്- സാമിര്‍ഭായ് വിനുഭായി പട്ടേല്‍. റെയ്മണ്ട് വാര്‍ളി, രവി ശങ്കരന്‍, വേലു ഭൂപാലന്‍, അജയ് പ്രസാദ് ഖെയ്ത്താന്‍, വീരേന്ദ്ര കുമാര്‍ റസ്‌തോഗി, ആനന്ദ് കുമാര്‍ ജെയിന്‍ എന്നിവരെ കൈമാറണമെന്ന അപേക്ഷ യുകെ അധികൃതര്‍ നിരസിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു