ദേശീയം

വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, പിടികൂടിയത് സ്‌കോട്‌ലന്‍ഡ് യാര്‍ഡ്, സിബിഐ സംഘം ബ്രിട്ടനിലേക്ക്

സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട പ്രമുഖ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസറ്റിലായി. സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ആണ് വിജയ് മല്യയെ അറസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ മല്യയെ മെട്രൊപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

വിജയ് മല്യയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി സിബിഐ സംഘം ഉടന്‍ ബ്രിട്ടനിലേക്കു തിരിക്കും. രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ കേസില്‍ സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ തേടുന്ന പ്രതിയാണ് വിജയ് മല്യ. കേസില്‍ ഹാജരാവന്‍ ആവശ്യപ്പെട്ട് പലവട്ടം സമന്‍സ് അയച്ചെങ്കിലും മല്യ ഹാജരായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് വിജയ് മല്യയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

മല്യയുടെ 6600 കോടിയുടെ വസ്തുവകകളും ഷെയറുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ 200 കോടി വിലയുള്ള ഫാംഹൗസ്, ബംഗളുരുവിലെ 800 കോടിരൂപ വിലമതിക്കുന്ന കെട്ടിടങ്ങള്‍, മാളുകള്‍, 3000 കോടിയുടെ യുബിഎല്‍, യുഎസ്എല്‍ ഷെയറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ കുടിശ്ശിക വരുത്തിയശേഷം രാജ്യം വിടുകയായിരുന്നു വിജയ് മല്യ. മല്യക്കെതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

തന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെടുത്ത വായ്പകളിലാണ് മല്യ വീഴ്ച വരുത്തിയത്. മദ്യ നിര്‍മാണ കമ്പനികളായ യൂണൈറ്റഡ് ബ്രീവറീസന്റെയും യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെയും ഉടമ കൂടിയാണ് മല്യ. ഇതില്‍ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഭൂരിപക്ഷ ഓഹരി മല്യ വിറ്റൊഴിഞ്ഞു. ഐപിഎല്‍ ടീം ആയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെയും ഉടമ മല്യയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന