ദേശീയം

ഞങ്ങള്‍ക്കു വേണ്ടത് കേരള മോഡല്‍ സഹായം; തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം ശക്തമാവുന്നു 

സമകാലിക മലയാളം ഡെസ്ക്

നാഗര്‍കോവില്‍: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മുഖ്യ ആവശ്യം കേരളം നടപ്പാക്കിയതിനു സമാനമായ ദുരിതാശ്വാസ പാക്കേജ്. കേരളത്തിന്റേതുപോലുളള പാക്കേജ് നടപ്പാക്കണമെന്നതാണ് കന്യാകുമാരി ജില്ലയില്‍ റോഡും റെയില്‍പാതയും ഉപരോധിച്ചു സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുന്ന മുഖ്യ  ആവശ്യങ്ങളിലൊന്നെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഇരുപതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരിക്കേറ്റു ചികിത്സയിലുള്ളവര്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നഷ്പരിപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ അശരണരായ കുടുംബങ്ങളെ ഫിഷറീസ് വകുപ്പു ദത്തെടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ നഷ്ടപരിഹാര പാക്കെജ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനു സമാനമായ നഷ്ടപരിഹാര പാക്കേജ് വേണമെന്നാണ് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കേന്ദ്രസഹായം നേരത്തെ തന്നെ വാഗ്ദാനം ലഭിച്ചിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ പര്യാപ്തമായ സഹായം പ്രഖ്യാപിച്ചില്ലെന്ന് അവര്‍ പറയുന്നു. കേരള മാതൃകയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും പ്രത്യേക പാക്കേജും നടപ്പാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് തൂത്തൂര്‍ ഫെറോന വികാരി ഫാ. ആന്‍ഡ്രൂസ് ഗോമസ് ആവശ്യപ്പെട്ടു. 

കുഴിത്തുറൈയില്‍ റെയില്‍ ഉപരോധിച്ചു സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍/കെകെ സു്ന്ദര്‍, എക്‌സ്പ്രസ്


അതിനിടെ തമിഴ്‌നാട്ടില്‍നിന്ന് കടലില്‍പോയ രണ്ടായിരത്തഞ്ഞൂറിലധികം മത്സ്യത്തൊഴിലാളികളെപ്പറ്റി ഒരു വിവരവുമില്ലെന്നാണ് സൂചനകള്‍. തമിഴ്‌നാട്ടില്‍ ഇതുവരെ 11 മൃതദേഹമാണ് കണ്ടെത്തിയത്. ഇതും മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയതാണ്. തീരദേശ രക്ഷാസേനയുടെയോ, നാവിക, വ്യോമസേനയുടെയോ സേവനം ലഭ്യമാക്കിയിട്ടില്ല. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ കന്യാകുമാരി സന്ദര്‍ശിച്ചുവെങ്കിലും തുടര്‍നടപടി ഉണ്ടായില്ലെന്നും വാര്‍ത്തകളുണ്ട്.  

തുത്തൂര്‍ മുതല്‍ ഇരയുമന്‍തുറ വരെയുള്ള മേഖലയില്‍ മാത്രം  895 പേരെയാണ് കാണാതായത്. എണ്‍പതിലധികം വള്ളങ്ങളും ബോട്ടുകളും കാണാനില്ല. ചിന്നത്തുറ, ഇപി തുറ, വള്ളവളെ, മാര്‍ത്താണ്ഡംതുറ, നീരോളിതുറ, പൂത്തൂറ തുടങ്ങി എട്ടു വില്ലേജുകളില്‍നിന്നുള്ളവരാണ് 895 പേര്‍. തൂത്തുക്കുടി വഴിയും മറ്റും കടലില്‍പോയ നൂറുകണക്കിന് തൊഴിലാളികളെക്കുറിച്ചും വിവരമില്ല. തൂത്തുക്കുടി, തിരുനെല്‍വേലി മേഖലകളില്‍നിന്ന് പോയ ആയിരത്തിലേറെ മത്സ്യത്തൊഴിലാളികളെയും കണ്ടെത്താനായില്ല. 3500 പേരെ കാണാനില്ലെന്നാണ് ജനങ്ങള്‍ പറയുന്നതെങ്കിലും രണ്ടായിരത്തിലധികമാളുകളുടെ വ്യക്തമായ കണക്കുണ്ട്. തൂത്തൂറില്‍നിന്ന് 60 നോട്ടിക്കല്‍ മൈലകലെ ഒഴുകി നടക്കുന്ന ബോട്ടുകളെപ്പറ്റി വിവരം ലഭിച്ചിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല.

അതിനിടെ കാണാതായ ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് തൂത്തുക്കുടിയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ലഭ്യമായ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി അവര്‍ക്കു വാക്കു നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ