ദേശീയം

ഗുജറാത്തില്‍ ഭരണപ്രതിസന്ധി ; വകുപ്പ് വിഭജനത്തില്‍ പ്രതിഷേധിച്ച് നിതിന്‍ പട്ടേല്‍ ചുമതലയേറ്റില്ല

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : ഗുജറാത്ത് ഭരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച് വകുപ്പ് വിഭജനം ബിജെപിക്ക് പുതിയ വെല്ലുവിളിയാകുന്നു. വകുപ്പ് വിഭജനത്തില്‍ പ്രതിഷേധിച്ച് നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ചുമതലയേറ്റെടുക്കാതെ വിട്ടുനില്‍ക്കുകയാണ്. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും നിതിന്‍ പട്ടേല്‍ ഇതുവരെ ചുമതലയേല്‍ക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പട്ടേല്‍ സമുദായത്തിന്റെ അപ്രീതിക്ക് പുറമെ, ആ സമുദായത്തില്‍ നിന്നുള്ള പ്രമുഖ നേതാവിന്റെ പ്രതിഷേധവും വിജയ് രൂപാണി സര്‍ക്കാരിന് തുടക്കത്തിലേ കല്ലുകടിയായി. 

2016 ല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നിതിന്‍ പട്ടേല്‍ അവസാന നിമിഷമാണ് പിന്തള്ളപ്പെട്ടത്. എന്നാല്‍ പട്ടേല്‍ സമുദായം എതിരാകുമെന്ന് കണ്ട് നിതിനെ ഉപമുഖ്യമന്ത്രിയാക്കുകയായിരുന്നു. പഴയ നില അതേപടി തുടരാന്‍ ഇത്തവണയും തീരുമാനിച്ചു. എന്നാല്‍ ഉപമുഖ്യമന്ത്രിയായ തനിക്ക് ആഭ്യന്തരമന്ത്രി പദം നല്‍കണമെന്നായിരുന്നു നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ നിതിന് റോഡ് ആന്റ് ബില്‍ഡിംഗ്, ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളാണ് നല്‍കിയത്. 

ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി വിജയ് രൂപാണി നിലനിര്‍ത്തി. നിതിനേക്കാള്‍ ജൂനിയറായ സൗരഭ് പട്ടേലിന് ധനകാര്യം, ഊര്‍ജ്ജ വകുപ്പുകള്‍ നല്‍കി. ഇതോടെ കൂടുതല്‍ കലിപ്പിലായ നിതിന്‍ പട്ടേല്‍, മന്ത്രിസഭയിലെ രണ്ടാമനായ തനിക്ക് ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ വകുപ്പുകളുടെ ചുമതല ലഭിച്ചാല്‍ മാത്രമേ ചുമതലയേല്‍ക്കൂ എന്നാണ് അടുത്ത അനുയായികളെ അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട തന്നെ ഇനിയും ചെറുതാക്കാനുള്ള നീക്കത്തിന് നിന്നുകൊടുക്കേണ്ടെന്നാണ് നിതിന്‍ അനുകൂലികളുടെ നിലപാട്. 

115 സീറ്റുകളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ഇത്തവണ 99 സീറ്റുകള്‍ നേടി നിറം മങ്ങിയ വിജയമാണ് നേടിയത്. പട്ടേല്‍ സമുദായത്തിന്റെ എതിര്‍പ്പ് സൗരാഷ്ട്ര അടക്കമുള്ള മേഖലകളില്‍ ബിജെപിക്ക് നേരിടേണ്ടിയും വന്നു. എങ്കിലും ഭരണം നിലനിര്‍ത്താനായി എന്ന് ആശ്വസിച്ചിരുന്ന ബിജെപി നേതൃത്വത്തിന് വെല്ലുവിളിയായിരിക്കുകയാണ് പട്ടേല്‍ സമുദായ നേതാവായ നിതിന്‍ പട്ടേലിന്റെ ഉടക്ക്. നിലവില്‍ പട്ടേല്‍ സമുദായത്തെ ബിജെപി വഞ്ചിക്കുകയാണെന്ന  സമുദായത്തിന്റെ ആക്ഷേപത്തിനിടെ, പുതിയ സംഭവവികാസങ്ങള്‍ ആ സമുദായത്തെ പാര്‍ട്ടിയില്‍ നിന്നും പൂര്‍ണമായി അകറ്റുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അതേസമയം പാര്‍ട്ടിയിലോ ഭരണത്തിലോ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ ജിത്തു വഘാനി അഭിപ്രായപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ