ദേശീയം

ആഹ്ലാദിക്കാന്‍ വരട്ടെ, വാള്‍ട്ടര്‍ ലാഗ്രാന്‍ഡിനോട് അമേരിക്ക ചെയ്തത് നമ്മുടെ മുന്നിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരിക്കുന്നു. വിയന്ന കണ്‍വന്‍ഷന്‍ അനുസരിച്ച് ഇന്ത്യ ഉയര്‍ത്തിയ വാദങ്ങള്‍ നിലനില്‍ക്കുന്നതെന്നും കുല്‍ഭൂഷണ് നിയമസഹായം നല്‍കേണ്ടതാണെന്നും രാജ്യാന്തര കോടതിയുടെ ഇടക്കാല ഉത്തരവ്. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധി വന്നതോടെ പാകിസ്ഥാനുമേല്‍ ഇന്ത്യയുടെ നയതന്ത്ര വിജയമെന്ന ആഹ്ലാദ ഘോഷങ്ങളാണ് എങ്ങും. എന്നാല്‍ ഈ വിധികൊണ്ടുമാത്രം രക്ഷപ്പെടുമോ പാകിസ്ഥാനിലെ ഏതോ തടവറയില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് എന്ന മനുഷ്യന്‍?

നിയമപോരാട്ടത്തിലെയും നയതന്ത്ര രംഗത്തെയും നേട്ടങ്ങളില്‍ ആഹ്ലാദിക്കാം. അതു രാജ്യത്തിന്റെ വിജയമായി ഘോഷിക്കാം. അതുകൊണ്ടുപക്ഷേ മനുഷ്യരുടെ ജീവന്‍ രക്ഷപെടില്ലെന്നതിന് ചില ഉദാഹരണങ്ങളെങ്കിലുമുണ്ട്, ചരിത്രത്തില്‍. അധികമൊന്നും പിന്നില്‍ അല്ലാതെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അസ്തമയവര്‍ഷത്തില്‍ അമേരിക്കന്‍ തടവറയിലെ ഗ്യാസ് ചേംബറില്‍ ഒടുങ്ങിയ വാള്‍ട്ടര്‍ ലാഗ്രാന്‍ഡ് എന്ന ജര്‍മന്‍കാരന്‍ അതിലൊരാളാണ്. രാജ്യാന്തര നീതിന്യായ കോടതിയുടെ ഇടക്കാല ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചാണ് അമേരിക്ക ലാഗ്രാന്‍ഡിനെ മരണത്തിന് എറിഞ്ഞുകൊടുത്തത്.

1982ല്‍ നടത്തിയ ബാങ്കു കൊള്ളയ്ക്കും അതിനിടെ നടത്തിയ കൊലപാതകത്തിനുമാണ് സഹോദരങ്ങളായ കാള്‍ ഹെയ്ന്‍സ് ലാഗ്രാന്‍ഡും വാള്‍ട്ടര്‍ ബെന്‍ഹാര്‍ഡ് ലാഗ്രാന്‍ഡും അരിസോണ പൊലീസിന്റെ പിടിയിലാവുന്നത്. കൊലപാതകക്കുറ്റത്തിന് ഇരുവര്‍ക്കും കോടതി വധശിക്ഷ വിധിച്ചു. നാലു അഞ്ചും വയസുള്ളപ്പോള്‍ മുതല്‍ അമേരിക്കയിലാണ് കഴിയുന്നതെങ്കിലും ഇരുവരും ജര്‍മന്‍ പൗരന്മാരായിരുന്നു. ഇക്കാര്യം ബോധ്യമായിട്ടും ഇവര്‍ക്ക് ജര്‍മന്‍ നയതന്ത്ര ഉദ്യഗസ്ഥര്‍ വഴി നിയമസഹായം നല്‍കുന്നതിന് അമേരിക്കന്‍ അധികൃതര്‍ അവസരം നിഷേധിച്ചു. വിദേശരാജ്യത്ത് വച്ച് ഒരാള്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവന്നാല്‍ സ്വന്തം രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴി നിയമസഹായം ലഭ്യമാക്കണമെന്നാണ് വിയന്ന കണ്‍വന്‍ഷന്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലാഗ്രാന്‍ഡ് സഹോദരങ്ങള്‍ ഫെഡറല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. സ്വന്തം നിലയ്ക്ക് ജര്‍മന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ ഫെഡറല്‍ കോടതി സാങ്കേതിക കാരണങ്ങളാല്‍ ഇവരുടെ അപ്പീല്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് 1999 ഫെബ്രുവരി 24ന് കാള്‍ ഹെയ്ന്‍സിന്റെ വധശിക്ഷ നടപ്പാക്കി.

വാള്‍ട്ടറിന്റെ ശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ജര്‍മനി രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു. ഇടക്കാല ഉത്തരവിലൂടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നായിരുന്നു ആവശ്യം. രാജ്യാന്തര കോടതി അത് അംഗീകരിച്ചു. രാജ്യാന്തര കോടതിയുടെ വിധി അടിയന്തരമായി നടപ്പാക്കിക്കിട്ടാന്‍ ജര്‍മനി യുഎസ് സുപ്രീം കോടതിയിലെത്തിയെങ്കിലും ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രിം കോടതി അപേക്ഷ തള്ളുകയായിരുന്നു. വിദേശരാജ്യങ്ങള്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കെതിരെ നല്‍കുന്ന ഹര്‍ജികള്‍ യുഎസ് ഭരണ ഘടന പ്രകാരം സുപ്രീം കോടതിക്കു പരിഗണിക്കാനാവില്ലെന്നാണ് കോടതി വിശദീകരിച്ചത്. രാജ്യാന്തര നീതിന്യായ കോടതിയുടെ ഇടക്കാല ഉത്തവുകള്‍ നടപ്പാക്കാന്‍ നിയമപരമാധ ബാധ്യതയില്ലെന്ന നിലപാടാണ് ഈ കേസില്‍ യുഎസ് സോളിസിറ്റര്‍ ജനറല്‍ സ്വീകരിച്ചത്.

എന്തായാലും രാജ്യാന്തര കോടതിയുടെ ഇടക്കാല ഉത്തരവ് യുഎസ് വിദേശകാര്യ വകുപ്പ് അരിസോണ ഗവര്‍ണറെ അറിയിച്ചു. നടപ്പാക്കണമെന്നോ നടപ്പാക്കേണ്ടതില്ലെന്നോ ഉള്ള ഒരുവിധ നിര്‍ദേശവും ഇല്ലാതെയായിരുന്നു വിദേശകാര്യ വകുപ്പ് ഉത്തരവ് കൈമാറിയത്. എന്നാല്‍ രാജ്യാന്തര കോടതിയിലെ കേസ് ചൂണ്ടിക്കാട്ടി ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യാന്‍ സംസ്ഥാന ക്ലമന്‍സി ബോര്‍ഡ് ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കി. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ ശിക്ഷ നടപ്പാക്കാന്‍ ഉത്തരവു പുറപ്പെടുവിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. 1999 മാര്‍ച്ച് മൂന്നിന് വാള്‍ട്ടര്‍ ലാഗ്രാന്‍ഡ് വിഷവാതകത്തിനിരയായി. 

രാജ്യാന്തര കോടതിയുടെ വിധിയുണ്ടായിട്ടും സ്വന്തം പൗരന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതോടെ ജര്‍മനി അമേരിക്കയ്ക്ക് എതിരെ ശക്തമായ വാദമുഖങ്ങളാണ് ഉയര്‍ത്തിയത്. രാജ്യാന്തര നിയമവും വിയന്ന കണ്‍വന്‍ഷന്‍ തത്വങ്ങളും അമേരിക്ക ലംഘിച്ചതായി ജര്‍മനി ആരോപിച്ചു. വിയന്ന കണ്‍വന്‍ഷന്‍ വ്യക്തികള്‍ക്കു ബാധകമല്ലെന്ന വിചിത്രവാദമാണ് അതിനെതിരെ അമേരിക്ക കോടതിയില്‍ ഉയര്‍ത്തിയത്.

ലാഗ്രാന്‍ഡ് കേസില്‍ 2001 ജൂണില്‍ രാജ്യാന്തര കോടതി ജര്‍മനിക്ക് അനുകൂലമായി വിധിയെഴുതി. വിയന്ന കണ്‍വന്‍ഷന്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ വ്യക്തികള്‍ക്കും ബാധകമാണെന്ന് കോടതി വിധിച്ചു. കണ്‍വന്‍ഷന്‍ പ്രകാരമുള്ള പ്രതികളുടെ അവകാശങ്ങള്‍ മറികടക്കാന്‍ രാജ്യങ്ങളുടെ ആഭ്യന്തര നിയമങ്ങള്‍ക്കാവില്ലെന്നും അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കി, കോടതി. രാജ്യാന്തര കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ രാജ്യങ്ങള്‍ക്കു നിയമപരമായ ബാധ്യതയുണ്ടെന്നും ആ കേസില്‍ കോടതി വിശദീകരിച്ചിട്ടുണ്ട്. 

കുല്‍ഭൂഷണ്‍ കേസില്‍ എന്തെല്ലാം വിചിത്രവാദങ്ങളാണ് പാകിസ്ഥാന്‍ ഉയര്‍ത്താന്‍ പോവുന്നതെന്ന് ഇനിയും വ്യക്തമല്ല. പാക് നിയമത്തിലെ ഏതെങ്കിലും സങ്കീര്‍ണവാദങ്ങളില്‍ തൂങ്ങി രാജ്യാന്തര കോടതിയുടെ വിധിയെ മറികടക്കാനുള്ള ശ്രമം നടന്നാലും അദ്ഭുതപ്പെടാനില്ല. വാള്‍ട്ടര്‍ ലാഗ്രാന്‍ഡിനോട് അമേരിക്ക ചെയ്തത് നമ്മുടെയെല്ലാം കണ്‍മുന്നിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു