ദേശീയം

പണം നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേക സൗകര്യം വേണ്ട; 'പെയ്ഡ്' ദര്‍ശനത്തിന് എതിരെ മദ്രാസ് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ക്ഷേത്രദര്‍ശനത്തിന് എത്തുന്ന എല്ലാവര്‍ക്കും ഒരേ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം. പണം നല്‍കുന്നവര്‍ക്ക് കൂടുതല്‍ അടുത്തുനിന്ന് ദര്‍ശനത്തിന് അവസരം നല്‍കുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്. പണം നല്‍കുന്നുണ്ടോ എന്നതു പരിഗണിക്കാതെ ഒരേ പരിഗണനയായിരിക്കണം ദര്‍ശനത്തിന് എത്തുന്നവര്‍ക്കുക ക്ഷേത്രങ്ങളില്‍ ലഭിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

തിരുപ്പതി ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ പണം നല്‍കുന്നവര്‍ക്കായി പ്രത്യേക ക്യൂ സംവിധാനമുണ്ട്. തമിഴ്‌നാട്ടിലെ പഴനി ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഈ സംവിധാനം പിന്തുടരുന്നുണ്ട്. ശ്രീവില്ലിപുത്തൂരിലെ ആണ്ടാള്‍ ക്ഷേത്രം, കാഞ്ചിപുരത്തെ ഏകാംബരനാഥര്‍ ക്ഷേത്രം, തിരുനാഗേശ്വരത്തെ ഒപ്പിലിയപ്പന്‍ ക്ഷേത്രം എന്നിവിടങ്ങലിലെ 'പെയ്ഡ് ക്യൂ'വിനെ ചോദ്യം ചെയ്ത് ഇന്‍ഡിക് കളക്ടിവ് ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി സംസ്ഥാനത്തെ ഇതേ സംവിധാനമുള്ള വലിയ ക്ഷേത്രങ്ങള്‍ക്കെല്ലാം നിര്‍ദേശം നല്‍കുകയായിരുന്നു. പണത്തിന്റെ അടിസ്ഥാനത്തില്‍ ഭക്തരെ തരംതിരിക്കുന്നത് അംഗീകരിക്കാനവില്ലെന്നു വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.

ക്ഷേത്രത്തില്‍ എല്ലാവരും സമന്മാരാണെന്ന ധാരണയില്‍ ദര്‍ശനത്തിന് എത്തിയ തനിക്ക് അതിനു വിരുദ്ധമായ അനുഭവമാണ് ഉണ്ടായതെന്നു ചൂണ്ടിക്കാട്ടി ഇന്‍ഡിക് കളക്ടിവിന്റെ മാനേജിങ് ട്രസ്റ്റി ജി അരവിന്ദലോചനനാണ് വിവേചനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. പണം നല്‍കുന്നവര്‍ക്കുള്ള ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വിഗ്രഹത്തിന് കൂടുതല്‍ അടുത്തുനിന്ന്, ദീര്‍ഘനേരം ദര്‍ശനത്തിന് അവസരം നല്‍കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സൗജന്യ ദര്‍ശനത്തിനുള്ള ക്യൂവില്‍ നില്‍ക്കുന്നവരോട് അവഗണനയാര്‍ന്ന സമീപനമാണ് ക്ഷേത്ര അധികൃതരുടേതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഭരണഘടനയുടെ പതിനാലും ഇരുപത്തിയഞ്ചും അനുഛേദം പ്രകാരം പൗരനു ലഭിക്കുന്ന അവകാശങ്ങളുടെ ലംഘനമാണിത്. പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭക്തരെ രണ്ടായി കാണുകയാണ്. തുല്യനീതി അര്‍ഹിക്കുന്ന മനുഷ്യരെ പണത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചുകാണുന്നത് അംഗീകരിക്കാനാവില്ല. ജാതി, ലിംഗം, ധനസ്ഥിതി തുടങ്ങിയവയുടെ പേരിലുള്ള ഏതു വിവേചനവും മതവിശ്വാസത്തിനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് എതിരാണ്. മത, കാരുണ്യ സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല സ്ഥാപിക്കപ്പെടുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്