ദേശീയം

ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം മദ്രസ അധ്യാപകന്റെ നേതൃത്വത്തില്‍ ഗംഭീരമായി നടന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗാളില്‍ ഹിന്ദു യുവതിയുടെ വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കി മുസ്ലീം സംഘടനകള്‍. ഇന്ത്യയിലൊട്ടാകെ ഹിന്ദു-മുസ്ലീം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഏറിയും കുറഞ്ഞും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പശ്ചിമബംഗാളിലെ ഗ്രാമീണരാണ് സമൂഹനന്മ നിറഞ്ഞ പ്രവൃത്തിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മാല്‍ഡ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തില്‍ 600 മുസ്ലീം കുടുംബങ്ങളും എട്ട് ഹിന്ദു കുടുംബങ്ങളുമാണ് താമസിക്കുന്നത്. മോതിര്‍ റഹ്മാന്‍ എന്ന മദ്രസാ പ്രധാനാധ്യാപകന്റെ സാനിധ്യത്തിലാണ് ധനസമാഹരണം നടത്തി സരസ്വതി എന്ന പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്. 

കൂലിപ്പണിക്കാരനായ സരസ്വതിയുടെ പിതാവ് ത്രിജിലാല്‍ ചൗധരി മൂന്നുവര്‍ഷം മുന്‍പ് മരിച്ചതാണ്. പിന്നീട് സരസ്വതിയുടെ അമ്മ സോവറാണിയും അഞ്ച് സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്ന കുടുംബം ഏറെ സാമ്പത്തിക കഷ്ടതകള്‍ നേരിട്ടിരുന്നു. ഇതിനിടെയാണ് സരസ്വതിയുടെ വിവാഹം ഉറപ്പിച്ചത്. വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ട 2000 രൂപ സോവറാണിക്ക് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് മദ്രസാ പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്. 

'സോവറാണിയുടെ സാമ്പത്തിക പ്രശ്‌നം അറിഞ്ഞപ്പോള്‍, ഞാനത് എന്റെ അയല്‍ക്കാരുമായി ചര്‍ച്ച ചെയ്തു. വേറെ മതത്തില്‍പ്പെട്ട ആളാണെങ്കിലും സരസ്വതിയും ഞങ്ങളുടെ മകളാണ്. അതുകൊണ്ട് നല്ല രീതിയില്‍ അവളുടെ വിവാഹം നടത്തുക എന്നത് ഞങ്ങളുടെ കൂടെ കടമയാണ്'- റഹ്മാന്‍ പറഞ്ഞു.

റഹ്മാന്റെ നേതൃത്വത്തില്‍ മറ്റ് ഗ്രാമവാസികളില്‍ നിന്നെല്ലാം ധനസമാഹരണം നടത്തി നവംബര്‍ 25 എന്ന നിശ്ചയിച്ച തിയതിയില്‍ തന്നെ സരസ്വതിയുടെ വിവാഹം നടത്തുകയായിരുന്നു. വിവാഹദിനത്തില്‍ വരനെയും കുടുംബത്തെയും സ്വീകരിക്കാന്‍ റഹ്മാന്‍ സരസ്വതിയുടെ വീടിന് മുന്നില്‍ തന്നെ നിലയുറപ്പിച്ചിരുന്നു. 'ത്രിജിലാല്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അദ്ദേഹം ഈ വിവാഹം ഗംഭീരമാക്കിയേനെ. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഞാനിത് ചെയ്യുന്നു. സരസ്വതി എനിക്കെന്റെ മകളെപ്പോലെത്തന്നെയാണ്'- റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?