ദേശീയം

കശ്മീര്‍ വിഷയത്തില്‍ ചിദംബരത്തിന് മോദിയുടെ മറുപടി; കോണ്‍ഗ്രസിന് പാക്കിസ്ഥാന്റെയും വിഘടനവാദികളുടെയും ഭാഷ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപി പോര് മുറുകുന്നു. കശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെയും വിഘടനവാദികളുടെയും ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നടിച്ചു. ഇത് ലജ്ജാകരണമാണ്. പാക്കിസ്ഥാന്റെ ഭാഷയ്ക്ക് സമാനമായി കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലപാടു തിരുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും ഒരു വീട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ ദിവസം വരെ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്ന ഒരു പാര്‍ട്ടി നിലപാട് തിരുത്തി കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊളളുന്നത് ലജ്ജാകരമാണ്. ഇതിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു.  വീരമൃത്യൂ വരിച്ച ജവാന്മാരുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന ഇത്തരം ആളുകളുടെ പ്രവൃത്തി രാജ്യത്തിന് ഗുണം ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ആവശ്യപ്പെട്ടത്.  
ചിദംബരത്തിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഇത്തരംവാക്കുകള്‍ പ്രതീക്ഷിച്ചില്ലെന്ന് ബിജെപി വിമര്‍ശിച്ചു. ചിദംബരം വിഘടനവാദികള്‍ക്ക് വേണ്ടി സംസാരിക്കുന്നത് ഞെട്ടലുളവാക്കുന്നതും അപമാനകരവുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി പി ചിദംബരത്തിന്റെ പേരെടുത്തു പറയാതെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.

അതേസമയം കശ്മീര്‍ വിഷയത്തില്‍ ചിദംബരത്തിന്റെ നിലപാട് കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. ചിദംബരത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് ചോദ്യം ചെയ്യപ്പെടാതെ അതുപോലെ തന്നെ തുടരുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പ്രതികരിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം