ദേശീയം

മരിച്ചു പോയ അമ്മ ജീവിച്ചിരിക്കുന്നുവെന്ന് രേഖയുണ്ടാക്കി ; 285 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

നോയ്ഡ: അമ്മ മരിച്ച വിവരം രേഖകളില്‍ നിന്നും മറച്ചു വച്ച് കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച മകനെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ സുനില്‍ ഗുപ്ത ഭാര്യ രാധ, മകന്‍ അഭിഷേക് എന്നിവരാണ് പിടിയിലായത്. സുനില്‍ ഗുപ്ത സാമ്പത്തികമായി വഞ്ചിച്ചുവെന്ന് കാണിച്ച് സഹോദരന്‍ വിജയ് ഗുപ്തയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ സാമ്പത്തിക ക്രമക്കേടും തട്ടിപ്പും കണ്ടെത്തിയത്. 

സ്വത്തുക്കള്‍ സുനില്‍ ഗുപ്തയുടെയും ഭാര്യയുടെയും മകന്റെയും പേരിലേക്ക് മാറ്റിക്കൊണ്ടുള്ള അമ്മ കമലേഷ് റാണിയുടെ സമ്മതപത്രമാണ് വ്യാജമായി നിര്‍മ്മിച്ചത്. 2011 മാര്‍ച്ച് ഏഴിന് കമലേഷ് റാണി മരിച്ചിരുന്നു. മുംബൈയില്‍ മെഴുകുതിരി ഫാക്ടറി ഉള്‍പ്പടെ 285 കോടി രൂപയുടെ സ്വത്തുക്കളാണ് കമലേഷ് റാണിയുടെ പേരിലുണ്ടായിരുന്നത്. മരണശേഷം സ്വത്ത് മക്കള്‍ക്കെല്ലാവര്‍ക്കും തുല്യമായി വീതിക്കണമെന്നായിരുന്നു വില്‍പത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ സുനില്‍ ഗുപ്ത ഇത് മറച്ചു വച്ച് വ്യാജ വില്‍പത്രം ഉണ്ടാക്കിയെന്നാണ് സഹോദരന്‍ വിജയ് ഗുപ്ത പരാതിയില്‍ പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.

മെഴുകുതിരി ഫാക്ടറി അമ്മയുടെ മരണശേഷം സമ്മാനമായി തനിക്ക് ലഭിച്ചതാണെന്നായിരുന്നു സുനില്‍ ഗുപ്തയുടെ വാദം. എന്നാല്‍ മരണശേഷം 'സമ്മാന'മായി ആസ്തി കൈമാറ്റം നടക്കില്ലെന്നതിനെ തുടര്‍ന്നാണ് അമ്മ ജീവിച്ചിരിക്കുന്നതായി സുനില്‍ ഗുപ്ത രേഖകള്‍ ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

അമ്മയുടെ മരണത്തിന് പിന്നാലെ 29 കോടി രൂപ കമ്പനിയില്‍ നിന്നും സുഹൃത്തിന്റെ കമ്പനിയിലേക്ക് നിക്ഷേപിച്ചതായും ആരോപണമുണ്ട്. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സഹോദരനായ തനിക്കെതിരെ സുനില്‍ ക്വട്ടേഷന്‍ നല്‍കിയെന്നും മൂന്ന് ഗുണ്ടകളെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും വിജയ് ഗുപ്ത പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ മൂന്നാളുകളെയും കോടതി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ