ദേശീയം

കോണ്‍ഗ്രസ് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നു ; കംപ്യൂട്ടര്‍ ഡേറ്റ നിരീക്ഷണ ഉത്തരവിനെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : രാജ്യത്തെ കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി. അനാവശ്യ വിവാദം ഉണ്ടാക്കി കോണ്‍ഗ്രസ് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നു. ഇല്ലാത്ത വിഷയം കോണ്‍ഗ്രസ് ഊതിപ്പെരുപ്പിക്കുകയാണ്. നിയമപ്രകാരമാണ് പത്തുഏജന്‍സികള്‍ക്ക് കംപ്യൂട്ടറിലെ ഏത് ഡേറ്റയും പരിശോധിക്കാന്‍ അനുമതി നല്‍കിയതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ് കംപ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നത്. ഇതിനുള്ള മറുപടിയിലാണ് ജെയ്റ്റ്‌ലി ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവിനെ ന്യായീകരിച്ചത്. 

2009 മുതല്‍ ഇതുസംബന്ധിച്ച നിയമം നിലവിലുണ്ട്. ഡിസംബര്‍ 20 ന് ഈ ഉത്തരവ് വീണ്ടും പുറപ്പെടുവിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഒരു ചെറിയ കുന്നുപോലും ഇല്ലാതെ വലിയ പര്‍വതം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. എന്നാല്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നു. തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. 

രാജ്യത്തെ കംപ്യൂട്ടറുകളിലുള്ള ഏതു ഡേറ്റയും പരിശോധിക്കുന്നതിന് പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. കംപ്യൂട്ടറുകളിലൂടെ കൈമാറിയതോ സൂക്ഷിച്ചിട്ടുള്ളതോ ആയ ഏത് ഡേറ്റയും നിരീക്ഷിക്കാനും പരിശോധിക്കാനും ഡിക്രിപ്റ്റ് ചെയ്യാനും ഈ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, കാബിനറ്റ് സെക്രട്ടേറിയറ്റ് (റോ), ഡയറക്ടറേറ്റ് ഒഫ് സിഗ്നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എന്നിവരാണ് ചുമതലപ്പെടുത്തപ്പെട്ട ഏജന്‍സികള്‍.

ഇന്റര്‍നെറ്റ് വരിക്കാര്‍, സര്‍വീസ് പ്രോവൈഡര്‍, കംപ്യൂട്ടര്‍ മാനേജ് ചെയ്യുന്നയാള്‍ എന്നിവര്‍ ഈ ഏജന്‍സികള്‍ക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കണം. ഇതു ചെയ്യാത്തപക്ഷം ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമായി കണക്കാക്കും. ഐടി വകുപ്പിലെ 69 (1) വകുപ്പ് അനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി