ദേശീയം

രാജ്യസഭയിലും ബിജെപി; പാര്‍ലമെന്റില്‍ എന്‍ഡിഎ സമ്പൂര്‍ണ ആധിപത്യത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിര്‍ണായക ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ബിജെപിക്ക് എന്നും തടസമായിരുന്ന രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മയ്ക്ക് പരിഹാരമാകുന്നു. മാര്‍ച്ച് 23 ന് 59 രാജ്യസഭ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി. അങ്ങനെവന്നാല്‍ നിലവിലെ സ്തംഭനാവസ്ഥ മറികടക്കാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

നിലവില്‍ രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റപാര്‍ട്ടി ബിജെപി തന്നെയാണ്. 58 രാജ്യസഭ അംഗങ്ങളാണ് ബിജെപിക്കുളളത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 54 അംഗങ്ങളാണുളളത്. എങ്കിലും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്ന് വെല്ലുവിളി സൃഷ്ടിക്കുന്നതിനാല്‍ ബില്ലുകള്‍ പാസാക്കിയെടുക്കല്‍ എന്‍ഡിഎയ്ക്ക് ബാലികേറാമലയാണ്. 

ഈ അവസ്ഥയ്ക്ക് മാര്‍ച്ച് 23 ഓടേ മാറ്റം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎ മുന്നണി. വിവിധ സംസ്ഥാനങ്ങളിലെ അംഗബലമനുസരിച്ച 59 രാജ്യസഭ സീറ്റുകളില്‍ 52 എണ്ണവും സ്വന്തമാക്കാന്‍ കഴിയുമെന്ന് എന്‍ഡിഎ മുന്നണി പ്രത്യാശ പ്രകടിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം 10 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കക്ഷിനില അനുസരിച്ച് ഇതില്‍ ഭൂരിപക്ഷവും സ്വന്തമാക്കാനുളള അനുകൂല സാഹചര്യമാണ് മുന്നണിക്കുളളത്. 

2014 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ചുരുങ്ങിവരുന്ന കോണ്‍ഗ്രസിന് നിലവിലെ സമവാക്യമനുസരിച്ച് ഏഴുപേരെ മാത്രമേ രാജ്യസഭയിലേക്ക് അയക്കാന്‍ കഴിയുകയുളളു. ഇത് തങ്ങളുടെ പ്രഖ്യാപിത നയങ്ങളനുസരിച്ചുളള ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സഹായകമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

 ഉത്തര്‍പ്രദേശിന് പുറമേ മഹാരാഷ്ട്ര, ബീഹാര്‍ എന്നി സംസ്ഥാനങ്ങളില്‍ ആറു വീതം രാജ്യസഭ സീറ്റുകളിലേക്കും, മധ്യപ്രദേശ്, ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ അഞ്ചുവീതം സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതൊടൊപ്പം മറ്റൊരു പ്രമുഖ സംസ്ഥാനമായ ഗുജറാത്തില്‍ നാലു സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെയെല്ലാം ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് വലിയ വിജയപ്രതീക്ഷയാണ്.

മാറുന്ന സാഹചര്യത്തില്‍ മുത്തലാഖ് ബില്ല് ഉള്‍പ്പെടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായകമായ നിര്‍ണായക ബില്ലുകള്‍ വരുന്ന സഭാ സമ്മേളനങ്ങളില്‍ പാസാക്കിയെടുക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അങ്ങനെയാണെങ്കില്‍ 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് വലിയ മേല്‍ക്കൈ നേടാന്‍ കഴിയുമെന്നും ബിജെപി  പ്രതീക്ഷിക്കുന്നു.

നിലവില്‍ 245 അംഗ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 93 അംഗങ്ങള്‍ മാത്രമാണുളളത്. ഏകദേശം 122 പേരാണ് യുപിഎയുടെ പിന്നില്‍ അണിനിരക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന