ദേശീയം

ദുരൂഹത ഒഴിയുന്നില്ല ; പവർകട്ടും സിസിടിവി ക്യാമറകളുടെ വയറുകൾ മുറിച്ചതും സംശയം വർധിപ്പിക്കുന്നു,  ബുരാരി കൂട്ടമരണത്തിൽ 'മനഃശാസ്ത്ര പോസ്റ്റുമോർട്ട'ത്തിനൊരുങ്ങി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ ബുരാരി കൂട്ട ആത്മഹത്യയുടെ ദുരൂഹത നീക്കാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. കൂട്ട ആത്മഹത്യയെന്ന് ഉറപ്പിക്കുമ്പോഴും പന്ത്രണ്ടാമന്റെ സാന്നിധ്യമുണ്ടോ എന്ന കാര്യത്തിൽ ഇതു വരെ സ്ഥിരീകരണം ആയിട്ടില്ല. ഒന്നിലധികം കയ്യക്ഷരങ്ങളിൽ എഴുതപ്പെട്ട ഡയറിക്കുറിപ്പുകളുടെ ആധികാരിതയിൽ പൊലീസിന് ഇപ്പോഴും സംശയമുണ്ട്. 2.5 അടി ഉയരമുളള സ്റ്റൂളിൽ കയറി നിന്ന് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് വാദം. എന്നാൽ മൃതദേഹങ്ങളുടെ കാലുകൾ നിലത്ത് മുട്ടുന്ന രീതിയിൽ കാണപ്പെട്ടത് കൊലപാതകമാണെന്ന ബന്ധുക്കളുടെ വാദത്തെ ബലപ്പെടുത്തുന്നു. സംഭവം നടന്ന അന്ന് രാത്രി 2 മണി മുതൽ 4 വരെ പവർകട്ട് ഉണ്ടായിരുന്നു. ഇത്  ബോധപൂർവ്വമാണെന്നാണ് ബന്ധുക്കളുടെ സംശയം. സംഭവം നടന്ന അന്നും അതിനു മുൻപുള്ള ദിവസവും സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതിരുന്നതും, ക്യാമറയുടെ വയറുകൾ നീക്കം ചെയ്ത നിലയിൽ കണ്ടെത്തിയതും ദുരൂഹത വർധിപ്പിക്കുന്നു. 

മരിച്ച നാരായണീദേവിയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ പാടുകളുണ്ട്. പ്രതിഭ ഭാട്ടിയയുടെ കഴുത്തിലും മുറിപ്പാടുകളുണ്ട്. ഇതും ബന്ധുക്കളുടെ കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നു. കൂടാതെ, കൂട്ട ആത്മഹത്യക്കിടെ ഒരാൾ അവസാന നിമിഷം ശ്രമം നടത്തിയെന്ന റിപ്പോർട്ടും ദുരുഹത വർധിപ്പിക്കുന്നു. കുടുംബത്തിലെ മൂത്ത മകനായ ഭുവ്നേഷ് ഭാട്ടിയയാണ് രക്ഷപെടാൻ ശ്രമിച്ചതായി പൊലീസ് സംശയിക്കുന്നത്. വീട്ടിലെ വെന്റിലേറ്റർ ഗ്രില്ലിൽ തൂങ്ങി മരിച്ച നിലയിലാണ് ഭുവ്നേഷ് ഭാട്ടിയയെ കണ്ടെത്തിയത്. എന്നാൽ ഇയാളുടെ ഒരു കൈ വായുവിൽ കഴുത്തിനടുത്തായിട്ടാണ് കണ്ടത്. ഇത് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ സൂചനയാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 

ഭുവ്നേഷിന്റെ വായിൽ ഒട്ടിച്ച ടേപ്പ് പകുതിയോളം ഊരിയ നിലയിലും ആയിരുന്നു കണ്ടെത്തിയത്. ഇത് അപകടം മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചതിന്റ ഭാഗമായിരിക്കുമെന്നും പൊലീസ് വിലയിരുത്തുന്നു. കേസുമായി ബന്ധപ്പെട്ട് 200 ഓളം ആളുകളെയാണ് പൊലീസ് ഇതുവരെ ചോദ്യം ചെയ്തത്. മരിച്ച പ്രിയങ്ക ഭാട്ടിയയുടെ പ്രതിശ്രുതവരനെ പൊലീസ് തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. എന്നാൽ തനിക്ക് ഒന്നുമറിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. പ്രിയങ്കയുടെ വിവാഹത്തിനായി വീട്ടുകാർ ഒരുക്കം തുടങ്ങിയിരുന്നുവെന്ന അയൽക്കാരുടെ വെളിപ്പെടുത്തലും ആത്മഹത്യ ചെയ്തെന്ന കണ്ടെത്തലിനെ സംശയനിഴലിലാക്കുന്നു. 

അഴിക്കാൻ ശ്രമിക്കുന്തോറും ദുരൂഹതയുടെ ആഴം വർധിക്കുകയാണ് എന്നതാണ് ഡൽഹി പൊലീസിനെ കുഴക്കുന്നത്.   മനഃശാസ്ത്ര പോസ്റ്റുമോർട്ടമാണ്  ഇനി പൊലീസിന് മുൻപിലുളള ഫലപ്രദമായ മാർഗമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. മുമ്പ് ആരുഷി തൽവാർ കൊലപാതകത്തിലും, സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തിലും ഡൽഹി പൊലീസ് ഈ മാർ​ഗം അവലംബിച്ചിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ, സൈക്കോളജിക്കൽ ഓട്ടോപ്സിയെ കുറിച്ച് പൊലീസ് ആലോചിക്കുകയുള്ളൂ. 

മരിച്ചവരുടെ ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ്, മരിച്ചവരുടെ മാനസിക നില കണ്ടെത്താനുള്ള ശ്രമമാണ് മനഃശാസ്ത്ര പോസ്റ്റ്മോർട്ടത്തിൽ ചെയ്യുന്നത്. ജോലി സംബന്ധമോ അല്ലാതെയോ ഉള്ള റെക്കോഡുകൾ, എഴുത്തുകൾ, ഡയറിക്കുറിപ്പുകൾ, സംഭാഷണ ശകലങ്ങൾ തുടങ്ങി എല്ലാം സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കും. മരിച്ചവരുടെ, മരണത്തിന് തൊട്ടുമുമ്പുള്ള മാനസിക നില തുടങ്ങി, ആഴ്ചകൾക്ക് മുമ്പുള്ള പ്രവർത്തനങ്ങൾ വരെ ഇത്തരത്തിൽ വിലയിരുത്തും. ഇതുവഴി മരണത്തിന്റെ യഥാർത്ഥ കാരണത്തിലേക്ക് എത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. 

അതേസമയം ഒരു കുടുംബത്തിലെ 11 പേരാണ് മരിച്ചത്. അതുകൊണ്ട് ഈ പതിനൊന്ന് പേരുടെയും മനഃശാസ്ത്ര പരിശോധന നടത്തണമെന്നതും, കുടുംബത്തിലെ ആരും അവശേഷിക്കുന്നില്ല എന്നതും സൈക്കോളജിക്കൽ ഓട്ടോപ്സി പരിശോധനയിൽ വെല്ലുവിളിയാണെന്ന് ഐഎച്ച്ബിഎഎസ് ഡയറക്ടർ നിമേഷ് ദേശായി വ്യക്തമാക്കുന്നു. വടക്കൻ ഡൽഹിയിലെ ബുരാരിയിലാണ് ഒരു കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്