ദേശീയം

ബാബ രാംദേവിന്റെ സ്വപ്‌ന പദ്ധതിക്ക് തിരിച്ചടി; 500 ഏക്കറില്‍ ആരംഭിക്കാനിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ബാബ രാംദേവിന്റെ സ്വപ്‌ന പദ്ധതിക്ക് തടയിട്ട് രാജസ്ഥാന്‍ ഹൈക്കോടതി. രാജസ്ഥാനിലെ കരുവാലി ജില്ലയില്‍ ആരംഭിക്കാനിരുന്ന 500 കോടിയുടെ ബൃഹത് പദ്ധതിക്ക് ഹൈക്കോടതി സ്‌റ്റേ ഉത്തരവ് നല്‍കി. യോഗ പീഠം, ഗുരുകുലം, ആയുര്‍വേദ ആശുപത്രി, ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണ യൂനിറ്റ്, പശു വളര്‍ത്ത് കേന്ദ്രം എന്നിവ ചേര്‍ന്നുള്ള വലിയ പദ്ധതിക്കാണ് കോടതിയിപ്പോള്‍ സ്‌റ്റേ നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെയാണ് പദ്ധതിയുടെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്. 

പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച് കണ്ടെത്തിയ ഭൂമി കൃഷി ഭൂമിയാണെന്നും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് എസ്.പി ശര്‍മ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് നിര്‍മാണം താത്കാലികമായി തടഞ്ഞ് ഉത്തരവിറക്കിയത്. 

കരുവാലി ജില്ലയിലെ ഗോവിന്ദ് ദേവ്ജി ക്ഷേത്രത്തിന്റെ ഭൂമിയിലാണ് രാംദേവ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടത്. ക്ഷേത്രത്തിന്റെ ഭരണം നടത്തുന്ന ട്രസ്റ്റും രാംദേവിന്റെ ഭാരത് സ്വാഭിമാന്‍ ട്രസ്റ്റും ചേര്‍ന്ന് ഭൂമി കൈമാറുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഈ ഇടപാട് ചോദ്യം ചെയ്ത് രാം കുമാര്‍ സിങ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുത്തരവ്. 

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി 20 വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കാമെന്ന കരാറില്‍ 2016ലാണ് ഇരു ട്രസ്റ്റുകളും തമ്മില്‍ ധാരണയായത്. എന്നാല്‍ റവന്യൂ റെക്കോര്‍ഡുകളില്‍ ഈ ഭൂമി കൃഷി യോഗ്യമാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കമുള്ളവയ്ക്കായി ഭൂമിയുടെ നിലവിലെ അവസ്ഥ മാറ്റാന്‍ പാടില്ലെന്നും രേഖയില്‍ പറയുന്നുണ്ട്. ഇതാണ് രാംദേവിന് തിരിച്ചടിയായി മാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി