കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മെട്രോ ട്രെയിന്‍ യാത്രയ്ക്കിടെ കമിതാക്കള്‍ക്ക് നേരെ യാത്രക്കാരുടെ അസഭ്യവര്‍ഷം. അനിക് ഘോഷിനും അനിന്ദിതാ റോയിക്കുമെതിരെയാണ് ഇരിക്കാന്‍ സീറ്റാവശ്യപ്പെട്ടതിനെത്തുടര്ന്ന് യാത്രക്കാര്‍ മോശമായി പെരുമാറിയത്. ഇരുവരും ജോലികഴിഞ്ഞ് പോകും വഴിയാണ് സംഭവമുണ്ടായത്.
ട്രെയിനിലെ സംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ ദൃശ്യങ്ങള്‍ സഹിതം കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് സംഭവം വാര്‍ത്തയായത്. ഒരുമിച്ചിരിക്കാനുള്ള സൗകര്യത്തിന് സ്ഥലം മാറിയിരിക്കാമോ എന്ന് ഒരു യാത്രക്കാരനോട് പെണ്‍കുട്ടി ചോദിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തനിക്ക് ഫാനിന്റെ കാറ്റ് വേണമെന്നും നീങ്ങിയിരിക്കാനാകില്ലെന്നും പറഞ്ഞ യാത്രക്കാരന് ട്രെയിന്‍ കംപാര്‍ട്മെന്റില്‍ തിരക്ക് കൂടി വന്നതോടെ ഇവരോട് കൂടുതല്‍ മോശമായി സംസാരിക്കാന്‍ ആരംഭിച്ചു.
സീറ്റ് വേണമെങ്കില്‍ ലേഡീസ് കംപാര്‍ട്മെന്റില്‍ യാത്രചെയ്യണമെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് പെണ്‍കുട്ടിയുടെ വസ്ത്രത്തെ ചൊല്ലിയും അധിക്ഷേപിച്ചു. ജീന്‍സും ടീഷര്‍ട്ടും ധരിച്ചിരുന്ന പെണ്‍കുട്ടിയോട് ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ട്രെയിനില്‍ യാത്രചെയ്യരുതെന്ന് ഇയാള്‍ പറഞ്ഞതായി പെണ്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ മാസം മെട്രോട്രെയിനില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന യുവാവിന്റെയും പെണ്‍സുഹൃത്തിന്റെയും വിഷയം അവതരിപ്പിച്ച് ഇയാളും സഹയാത്രികരും ചേര്‍ന്ന് യുവാവിനെയും പെണ്‍കുട്ടിയെയും കൂടുതല്‍ വിമര്‍ശിച്ചു. നിങ്ങളുടെ തലമുറയുടെ കുഴപ്പം കൊണ്ടാണ് അത്തരം സംഭവങ്ങളുണ്ടാകുന്നതെന്നു പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ