ദേശീയം

മോദി ഔറംഗസേബിനേക്കാള്‍ ക്രൂരന്‍; അടിയന്തരാവസ്ഥ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. അധികാരക്കൊതിയും കുടുംബവാഴ്ച സംരക്ഷിക്കാനും ഗാന്ധികുടുംബം ഇന്ത്യയെ ഒരു വലിയ തടവറയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചിരുന്നു. ഇതിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കിയാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. മോദിയെ മുഗള്‍ വംശത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായി വിശേഷിപ്പിക്കുന്ന ഔറംഗസേബിനോട് ഉപമിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. 

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദില്ലി ഭരണാധികാരിയായിരുന്ന ഔറംഗസേബിനേക്കാള്‍ ക്രൂരനാണ് മോദിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. 43 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പാഠങ്ങള്‍ മോദി രാജ്യത്തെ പഠിപ്പിച്ചു. അതേസമയം കോണ്‍ഗ്രസിനെതിരെ ഉച്ചത്തില്‍ ആക്രോശിച്ച് കൗശലങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ മോദിയ്ക്ക് സാധിക്കുമോയെന്ന് സുര്‍ജേവാല ചോദിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ വാര്‍ഷിക ദിനാചരണത്തിലാണ് മോദി ഗാന്ധി കുടുംബത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ഭയത്തിന്റെ നാളുകളായിരുന്നു അന്ന്. ഭരണഘടനയെ വരെ ദുരുപയോഗം ചെയ്തു. ഭരണഘടനയെ ചവിട്ടിയരച്ചവരാണ് അവര്‍. രാജ്യത്തിന്റെ ജനാധിപത്യത്തെ തടവറയിലാക്കി. അവരാണ് മോദി ഭരണഘടന അപകടത്തിലാക്കുന്നുവെന്ന പ്രചാരവേല നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി.

ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാത്ത പാര്‍ട്ടിയില്‍ നിന്നും ജനാധിപത്യമൂല്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് ഇന്നത്തെ യുവജനതയ്ക്ക് ഒരു അറിവുമില്ല. സ്വാതന്ത്ര്യം ഇല്ലാതെ എങ്ങനെയാണ് ജീവിക്കാന്‍ കഴിയുക എന്ന ധാരണയും യുവജനതയ്ക്ക് ഉണ്ടാകാനിടയില്ലെന്ന് മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു