ദേശീയം

ബിജെപിയില്‍ നിന്നും നേരിട്ടത് കടുത്ത അപമാനം; പൊട്ടിത്തെറിച്ച് മുന്‍ മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ മുന്നണിയില്‍ നിന്നും നേരിട്ടത് കടുത്ത അപമാനമെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി. എന്‍ഡിഎ മുന്നണി വിട്ടതിന് പിന്നാലെയായിരുന്നു ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവായ ജിതന്‍ റാം മാഞ്ചിയുടെ പ്രതികരണം. 

സജീവമായി പ്രവര്‍ത്തനം കാഴ്ചവെച്ച ജെഹനാബാദ് മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സീറ്റ് നിഷേധിച്ചതാണ് എന്‍ഡിഎ മുന്നണി വിട്ടുപോകാന്‍ കാരണമെന്ന് ജിതന്‍ റാം മാഞ്ചി സ്ഥിരീകരിച്ചു. അര്‍ഹതപ്പെട്ട സീറ്റ് ജെഡിയുവിന് നല്‍കി തങ്ങളെ അപമാനിച്ചു. മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ നല്‍കിയില്ല. മറ്റൊരു ഘടകകക്ഷിയായ റാം വിലാസ് പാസ്വാന്റെ പാര്‍ട്ടി എല്ലാം തട്ടിപ്പറിച്ചെന്നും ജിതന്‍ റാം മാഞ്ചി ആരോപിച്ചു.

തന്റെ മകന് സീറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് വിലപേശിയതെന്നാണ് എന്‍ഡിഎ ആരോപിക്കുന്നത്. എന്നാല്‍ അങ്ങനെയൊരു ആവശ്യം താന്‍ എന്‍ഡിഎ മുന്നണി മുന്‍പാകെ വെച്ചിട്ടില്ലെന്നും മാഞ്ചി മറുപടി നല്‍കി. ജാതി നോക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്- മാഞ്ചി പറഞ്ഞു.

രാജ്യസഭ സീറ്റ് നല്‍കാമെന്ന ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ മുന്നണി  വിട്ടത് എന്നാണ് മറ്റൊരു ആരോപണം. മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച താന്‍ രാജ്യസഭ സീറ്റിനായി കടുംപിടുത്തം നടത്തിയെന്ന് വിശ്വസിക്കാനാകുമോയെന്ന്- മാഞ്ചി ചോദിച്ചു. 

ബീഹാറിന്റെ സാമൂഹ്യ, സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന 34 ചുവടുവെയ്പുകള്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് താന്‍ സ്വീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊതു ചര്‍ച്ച നടത്തണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും ജിതന്‍ റാം മാഞ്ചി ചൂണ്ടികാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്