ദേശീയം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തനിച്ച് മത്സരിക്കും; സിപിഎം സഖ്യം തളളി ബംഗാള്‍ കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കാന്‍ നീക്കം. കേന്ദ്രത്തില്‍ നിന്നും ബിജെപിയെ പുറത്താക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സഖ്യ സാധ്യത തേടുമ്പോഴാണ് പശ്ചിമ ബംഗാളില്‍ തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിരിക്കുന്നത്. 

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രത്യക്ഷത്തില്‍ മത്സരം. ബിജെപിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ സിപിഎമ്മുമായോ,  തൃണമൂല്‍ കോണ്‍ഗ്രസുമായോ സഖ്യത്തിലേര്‍പ്പെടണമെന്ന ആലോചന കോണ്‍ഗ്രസില്‍ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് തനിച്ച് മത്സരിക്കുന്നതാണ് നല്ലത് എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് സംസ്ഥാനഘടകം എത്തിയത്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ബംഗാള്‍ ഘടകം ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കോണ്‍ഗ്രസ് നേതൃത്വം അന്തിമ തീരുമാനം കൈക്കൊളളും. 

നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട നിരവധി പ്രതിനിധികള്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തൃണ്‍മൂല്‍ കോണ്‍ഗ്രസുമായോ സിപിഎമ്മുമായോ സഖ്യം ഉണ്ടാക്കുന്നത് പാര്‍ട്ടിയുടെ ദീര്‍ഘകാല താത്പര്യങ്ങള്‍ക്ക് എതിരാവുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം ആശങ്കപ്പെടുന്നു. പാര്‍ട്ടിയുടെ അടിത്തറ കൂടുതല്‍ദുര്‍ബലമാകാന്‍ ഇത് ഇടയാക്കുമെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. കര്‍ണാടകയിലും, ഉത്തര്‍പ്രദേശിലും മറ്റു പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനുളള തീരുമാനം വിജയിച്ച പശ്ചാത്തലത്തിലാണ് ബംഗാള്‍ ഘടകത്തിന്റെ മറിച്ചുളള നിലപാട്. 

തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ തയ്യാറായാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമായിരിക്കും. എന്നാല്‍ ഭാവിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ റാഞ്ചാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാവില്ലെന്ന് എന്താണ് ഉറപ്പെന്ന് സംസ്ഥാന ഘടകം ചോദിക്കുന്നു.സംസ്ഥാനത്ത് സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ട സാഹചര്യത്തില്‍ അവരുമായി കൂട്ടുകൂടുന്നത് ഗുണം ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?