ദേശീയം

ആത്മഹത്യ ചെയ്ത കൂട്ടുകാരുടെ തലയോട്ടികളുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍; തടഞ്ഞാല്‍ നഗ്നരായി പാര്‍ലമെന്റിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്: കര്‍ഷക പ്രക്ഷോഭത്തില്‍ വെന്തുരുകി ഡല്‍ഹി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:തലസ്ഥാന നഗരത്തെ പിടിച്ചു കുലുക്കി ഒരുലക്ഷം കര്‍ഷകരുടെ കിസാന്‍ മുക്തി മാര്‍ച്ച് മുന്നേറുകയാണ്. ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ദിവസങ്ങളെടുത്ത് കാതങ്ങള്‍ താണ്ടി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും കര്‍ഷകര്‍ ഒഴുകിയെത്തുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കര്‍ഷകരാണ് മാര്‍ച്ചില്‍ പ്രധാന ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്ത രണ്ട് കര്‍ഷകരുടെ തലയോട്ടികളുമായാണ് അവര്‍ മാര്‍ച്ചിനെത്തിയിരിക്കുന്നത്. പാര്‍ലമെന്റിലേക്ക് കടത്തി വിട്ടില്ലെങ്കില്‍ നഗ്നരായി മാര്‍ച്ച് നടത്തുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ഇവര്‍ ട്രെയിന്‍ തടഞ്ഞാണ് പ്രതിഷേധം ആരംഭിച്ചത്.  

വ്യാഴാഴ്ച വെളിപ്പിനാണ് നാഷ്ണല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍ലിങ്കിങ് അഗ്രികള്‍ച്ചറലിസ്റ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 1200ഓളം വരുന്ന തമിഴ്‌നാട് കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് ഇനിയും കര്‍ഷകര്‍ എത്തുമെന്നും നാളത്തെ പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നേ അവര്‍ രാംലീല മൈതാനിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും ഇവരുടെ നേതാവായ അയ്യാകണ്ണ് മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് പ്രതിമാസം 5000രൂപ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് തങ്ങളുടെ പ്രധാന ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 

അയ്യാകണ്ണും അദ്ദേഹത്തിന്റെ കൂട്ടാളിയുമാണ് രണ്ട് തലയോട്ടികള്‍ പിടിച്ചിരിക്കുന്നത്. കടം താങ്ങാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന തങ്ങളുടെ അടുത്ത രണ്ട് കര്‍ഷക സുഹൃത്തുക്കളുടേതാണ് ഇതെന്ന് അയ്യാകണ്ണ് പറഞ്ഞു. പൊലീസ് തങ്ങളെ തടയുകയാണെങ്കില്‍ നഗ്നരായി മാര്‍ച്ച് നടത്തുമെന്ന് വ്യക്തമാക്കിയ ഇവര്‍, പക്ഷേ തങ്ങളുടെ കൂടെയുള്ള ഇരുപത് സ്ത്രീകള്‍ നഗ്നാരുവകയില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

തലസ്ഥാന നഗരത്തെ സ്തംഭനത്തിലാക്കിയാണ് കര്‍ഷക മാര്‍ച്ച് പുരോഗമിക്കുന്നത്. ഇന്ന് രാംലീല മൈതാനിയില്‍ അവസാനിക്കുന്ന മാര്‍ച്ച് വെള്ളിയാഴ്ച പാര്‍ലമെന്റിലേക്ക് തുടരും.  രാവിലെ ഡല്‍ഹിയുടെ നാല് അതിരുകളില്‍നിന്ന് കര്‍ഷകരുടെ വളണ്ടിയര്‍ മാര്‍ച്ചുകള്‍ ആരംഭിച്ചു. ഗുരുഗ്രാം,നിസ്സാമുദ്ദീന്‍, ആനന്ദ് വിഹാര്‍, മജ്‌നുകാ തില എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ചുകള്‍. വിവിധ ഘടക സംഘടനകളുടെ കൊടികളുമായി യൂണിഫോമില്‍ 3000 മുതല്‍ 5000 വരെ വളണ്ടിയര്‍മാര്‍ ഓരോ മാര്‍ച്ചിലും അണിനിരക്കുന്നു. നാളെയും റാലികള്‍ തുടരും.ബിജ്വാസന്‍, ദ്വാരക ലിങ്ക് റോഡ് എന്നിവിടങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ അനന്ദ് വിഹാര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ കര്‍ഷകരെ അഭിവാദ്യങ്ങളര്‍പ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവേശത്തോടെ സ്വീകരിച്ചു.റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് ജെഎന്‍യു അടക്കമുള്ള വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത് വന്നിട്ടുണ്ട്.

വിളകള്‍ക്ക് ആദായകരമായ വില ലഭ്യമാക്കാനും കാര്‍ഷികകടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളാനും നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിവരുന്ന പോരാട്ടത്തിന്റെ ഭാഗമാണ് മാര്‍ച്ച്.വെള്ളിയാഴ്ച രാവിലെ കര്‍ഷകര്‍ രാംലീല മൈതാനത്തുനിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും. റാലി പാര്‍ലമെന്റ് പരിസരത്ത് എത്തിയശേഷം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കര്‍ഷകസമ്മേളനം ചേരും.

വൈകിട്ട് മാര്‍ച്ചുകള്‍ രാംലീല മൈതാനത്ത് എത്തിച്ചേരും. പതിനായിരക്കണക്കിനു കര്‍ഷകര്‍ നേരിട്ടും രാംലീല മൈതാനത്ത് കേന്ദ്രീകരിക്കും. സന്ധ്യമുതല്‍ മൈതാനത്ത് കലാസാംസ്‌കാരിക പരിപാടികള്‍ നടക്കും. 'ഏക് ശാം കിസാന്‍ കാ സാഥ്(കര്‍ഷകര്‍ക്കാപ്പം ഒരു സായാഹ്‌നം) എന്ന പേരിലാണ് ഈ പരിപാടി.

കഴിഞ്ഞവര്‍ഷം നവംബറില്‍ ഡല്‍ഹിയില്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ പങ്കെടുത്ത ജനകീയ പാര്‍ലമെന്റ് ചേര്‍ന്നിരുന്നു ആദായകരമായ മിനിമം താങ്ങുവില ഉറപ്പാക്കുക, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക എന്നിവ നടപ്പാക്കാന്‍ ബില്ലിനു കര്‍ഷകപാര്‍ലമെന്റ് രൂപംനല്‍കി. ഈ ബില്‍ പരിഷ്‌കരിക്കാന്‍ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ 500 സെമിനാര്‍ സംഘടിപ്പിച്ചു. അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍, അധ്യാപകര്‍ എന്നിവരുടെ സഹായത്തോടെ ബില്‍ പരിഷ്‌കരിച്ചു. ഡല്‍ഹിയില്‍ രാഷ്ട്രീയപാര്‍ടികളുടെ യോഗം വിളിച്ച് അവര്‍ക്കുമുന്നില്‍ ബില്‍ അവതരിപ്പിച്ചു. 21 രാഷ്ട്രീയനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

രാജ്യസഭയില്‍ കെ കെ രാഗേഷും ലോക്‌സഭയില്‍ രാജുഷെട്ടിയും സ്വകാര്യബില്ലായി ഇത് അവതരിപ്പിച്ചു. കര്‍ഷകനേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് ബില്‍ പാസാക്കാന്‍ സഹായം അഭ്യര്‍ഥിച്ചു. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ കിസാന്‍മുക്തി റാലി നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍