ദേശീയം

രാജ്യതലസ്ഥാനത്തെ ഒരു ലക്ഷം കര്‍ഷകര്‍ വളയുന്നു: കിസാന്‍ മുക്തി മാര്‍ച്ച് ആരംഭിച്ചു; ഡല്‍ഹി തെരുവുകള്‍ ഗതാഗതക്കുരുക്കില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്ക് ഒരുലക്ഷം കര്‍ഷകര്‍ അണിനിരക്കുന്ന കിസാന്‍ മുക്തി മാര്‍ച്ച് ആരംഭിച്ചു. ആള്‍ ഇന്ത്യ കിസാന്‍ സഭയുടെയും ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. 

വ്യാഴാഴ്ച രാവിലെ ഡല്‍ഹിയുടെ നാല് അതിരുകളില്‍നിന്ന് കര്‍ഷകരുടെ വളണ്ടിയര്‍ മാര്‍ച്ചുകള്‍ ആരംഭിച്ചു . ഗുരുഗ്രാം,നിസ്സാമുദ്ദീന്‍, ആനന്ദ് വിഹാര്‍, മജ്‌നുകാ തില എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ചുകള്‍. വിവിധ ഘടക സംഘടനകളുടെ കൊടികളുമായി യൂണിഫോമില്‍ 3000 മുതല്‍ 5000 വരെ വളണ്ടിയര്‍മാര്‍ ഓരോ മാര്‍ച്ചിലും അണിനിരക്കുന്നു. നാളെയും റാലികള്‍ തുടരും. 

തലസ്ഥാനത്തെ പല റോഡുകളും കര്‍ഷക റാലികളില്‍ സ്തംഭിച്ചു തുടങ്ങി. ബിജ്വാസന്‍, ദ്വാരക ലിങ്ക് റോഡ് എന്നിവിടങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ അനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കര്‍ഷകരെ അഭിവാദ്യങ്ങളര്‍പ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവേശത്തോടെ സ്വീകരിച്ചു.റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് ജെഎന്‍യു അടക്കമുള്ള വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത് വന്നിട്ടുണ്ട്. 

വിളകള്‍ക്ക് ആദായകരമായ വില ലഭ്യമാക്കാനും കാര്‍ഷികകടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളാനും നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിവരുന്ന പോരാട്ടത്തിന്റെ ഭാഗമാണ് മാര്‍ച്ച്.വെള്ളിയാഴ്ച രാവിലെ കര്‍ഷകര്‍ രാംലീല മൈതാനത്തുനിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും. റാലി പാര്‍ലമെന്റ് പരിസരത്ത്  എത്തിയശേഷം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കര്‍ഷകസമ്മേളനം ചേരും.

വൈകിട്ട് മാര്‍ച്ചുകള്‍ രാംലീല മൈതാനത്ത് എത്തിച്ചേരും. പതിനായിരക്കണക്കിനു കര്‍ഷകര്‍ നേരിട്ടും രാംലീല മൈതാനത്ത് കേന്ദ്രീകരിക്കും. സന്ധ്യമുതല്‍ മൈതാനത്ത് കലാ-സാംസ്‌കാരിക പരിപാടികള്‍ നടക്കും. 'ഏക് ശാം  കിസാന്‍ കാ സാഥ്(കര്‍ഷകര്‍ക്കാപ്പം ഒരു സായാഹ്‌നം) എന്ന പേരിലാണ് ഈ പരിപാടി.

കഴിഞ്ഞവര്‍ഷം നവംബറില്‍ ഡല്‍ഹിയില്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ പങ്കെടുത്ത ജനകീയ പാര്‍ലമെന്റ് ചേര്‍ന്നിരുന്നു  ആദായകരമായ മിനിമം താങ്ങുവില ഉറപ്പാക്കുക, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക എന്നിവ നടപ്പാക്കാന്‍ ബില്ലിനു കര്‍ഷകപാര്‍ലമെന്റ് രൂപംനല്‍കി. ഈ ബില്‍ പരിഷ്‌കരിക്കാന്‍ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ 500 സെമിനാര്‍ സംഘടിപ്പിച്ചു. അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍, അധ്യാപകര്‍ എന്നിവരുടെ സഹായത്തോടെ ബില്‍ പരിഷ്‌കരിച്ചു. ഡല്‍ഹിയില്‍ രാഷ്ട്രീയപാര്‍ടികളുടെ യോഗം വിളിച്ച് അവര്‍ക്കുമുന്നില്‍ ബില്‍ അവതരിപ്പിച്ചു. 21 രാഷ്ട്രീയനേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

രാജ്യസഭയില്‍ കെ കെ രാഗേഷും ലോക്‌സഭയില്‍ രാജുഷെട്ടിയും സ്വകാര്യബില്ലായി ഇത് അവതരിപ്പിച്ചു. കര്‍ഷകനേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് ബില്‍ പാസാക്കാന്‍ സഹായം അഭ്യര്‍ഥിച്ചു.  ഈ സാഹചര്യത്തിലാണ്  ഡല്‍ഹിയില്‍ കിസാന്‍മുക്തി റാലി നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും