ദേശീയം

'ബിജെപി ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍': സിബിഐയിലെ പോരില്‍ മോദി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ ഉള്‍പ്പോരിന് പിന്നാലെ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ മാറ്റിയതിനുമെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. സിബിഐയുടെ പേര് ഇപ്പോള്‍ ബിജെപി ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ എന്നായി എന്ന് പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പരിഹാസം. 

സിബിഐ ഡയറക്ടറെ അവധിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവ് നല്‍കിയതിന് പിന്നില്‍ എന്ത് കാരണമാണുള്ളതെന്ന്് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായി അരവിന്ദ് കെജരിവാള്‍ ചോദിച്ചു. എന്താണ് മോദി സര്‍ക്കാര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

 അലോക് വര്‍മയുടെ സ്ഥാനം മാറ്റലും റഫാല്‍ ഇടപാടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. റഫാല്‍ ഇടപാടിനെ കുറിച്ച് അലോക് വര്‍മ അന്വേഷണം ആരംഭിച്ചിരുന്നോ എന്നും ഇതാണോ മോദിജിക്ക് പ്രശ്‌നമായതെന്നും അദ്ദേഹം ചോദിച്ചു. 

അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്ന മോദിയുടെ അടുത്ത ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് അലോകിനെ മാറ്റിയത് എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചത്. ബിജെപി നേതാക്കളുമായുള്ള ഈ ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള ബന്ധം മറച്ചു വയ്ക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. ജോയിന്റ് ഡയറക്ടര്‍ എന്‍ നാഗേശ്വരറാവുവിനാണ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. കൈക്കൂലി കേസില്‍ പ്രതിയായ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇഷ്ടക്കാരനായ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയതാണ് വര്‍മയുടെ സ്ഥാനചലനത്തിലേക്ക് എത്തിച്ചത്. അസ്താനക്കെതിരെ കൈക്കൂലി കേസില്‍ സിബിഐ കേസെടുത്തതോടെയാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയിലെ തമ്മിലടി രൂക്ഷമായത്.

പ്രതിചേര്‍ത്തുകൊണ്ടുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്താന ഹൈക്കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി അസ്താനയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ തടഞ്ഞു. കേസില്‍ അറസ്റ്റിലായ സിബിഐ ഡിഎസ്പി ദേവേന്ദര്‍കുമാറിന്റെ ഹര്‍ജിയില്‍ സിബിഐയ്ക്കും സിബിഐ ഡയറക്ടര്‍ക്കും കോടതി നോട്ടിസ് അയച്ചു.

സ്‌പെഷല്‍ ഡയറക്ടര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മയെ കഴിഞ്ഞ ദിവസം മോദി വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. അസ്താനയും പ്രധാനമന്ത്രിയെ കണ്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍