ദേശീയം

നാലാംഘട്ടം നാളെ; 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങള്‍; ചരിത്രം രചിക്കുമോ കനയ്യകുമാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ. ഒന്‍പത് സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര (17), ഉത്തര്‍പ്രദേശ് (13), രാജസ്ഥാന്‍ (13), ബംഗാള്‍ (8) മധ്യപ്രദേശ് (6), ഒഡീഷ (6) ബിഹാര്‍ (5), ജാര്‍ഖണ്ഡ് (3)  എന്നീ സംസ്ഥാനങ്ങളിലാണ് ഈ മണ്ഡലങ്ങള്‍. കശ്മീരിലെ അനന്തനാഗ് മണ്ഡലത്തില്‍ കുല്‍ഗാം ജില്ലയിലെ ഏതാനം ബൂത്തുകളിലും നാളെയാണ് വോട്ടെടുപ്പ്. 

നാലാംഘട്ടത്തില്‍ 71 ലോക്‌സഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ കിട്ടിയ 45 സീറ്റും നിലനിര്‍ത്താന്‍ ബിജെപിക്കു കഴിയുമോ? കഴിഞ്ഞ തവണ കിട്ടിയ 2 സീറ്റില്‍നിന്ന് കോണ്‍ഗ്രസ് എത്ര മുന്നോട്ടു പോകും. എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയും കോണ്‍ഗ്രസുമാണ് മുഖാമുഖം ഏറ്റുമുട്ടുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രാദേശികപാര്‍ട്ടികളുമായാണ് ഏറ്റുമുട്ടല്‍.

എല്ലാവരും ഉറ്റുനോക്കുന്നത് ബീഹാറിലെ ബഗുസരായ് മണ്ഡലത്തിലെ പോരാട്ടമാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറും, ബിജെപി നേതാവ് ഗിരിരാജ് സിംഗും ആര്‍ജെഡി സ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസ്സനുമാണ് സ്ഥാനാര്‍ത്ഥികള്‍. മധ്യപ്രദേശിലെ ചിന്ദ വാരയില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥാണ് സ്ഥാനാര്‍ത്ഥി.ഒന്‍പത് തവണ കമല്‍നാഥ് വിജയിച്ച മണ്ഡലമാണ്. യുപിയില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും ജനവിധി തേടുന്നത് നാലാംഘട്ടത്തിലാണ് സിറ്റിങ് എംപി സുബ്രത് പതക്ക് ആണ് ബിജെപി സ്ഥാനാര്‍ത്ഥി. 

മോദി തരംഗം ആഞ്ഞടിച്ച 2014 ല്‍ യുപിയിലും രാജസ്ഥാനിലും ബിജെപി സീറ്റുകള്‍ തൂത്തുവാരുകയായിരുന്നു. യുപിയില്‍ നാളെ വോട്ടെടുപ്പു നടക്കുന്ന 13 ല്‍ 12 സീറ്റും രാജസ്ഥാനിലെ 13 ല്‍ പതിമൂന്നും അവര്‍ നേടി. എസ്പിക്ക് ആകെ കിട്ടിയത് യുപിയിലെ കനൗജ് മാത്രം. ഇത്തവണ പക്ഷേ, ബിജെപിക്ക് ഈ വിജയം ആവര്‍ത്തിക്കാനാവുമെന്ന് അവര്‍ പോലും കരുതുന്നില്ല. രാജസ്ഥാനില്‍ കഴിഞ്ഞ തവണ ആകെയുള്ള 25 സീറ്റും ബിജെപി നേടിയതാണ്. ഇക്കുറി സ്ഥിതി അതല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് അതിശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 

കഴിഞ്ഞ തവണ കോണ്‍ഗ്രസിനു കിട്ടിയ 2 സീറ്റുകള്‍ മധ്യപ്രദേശിലെ ചിന്ദ്‌വാരയും (കമല്‍നാഥ്), ബംഗാളിലെ ബഹ്‌റാംപുരുമാണ് (അധീര്‍ രഞ്ജന്‍ ചൗധരി). ചിന്ദ്‌വാരയില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥാണ് മത്സരിക്കുന്നത്. ബഹ്‌റാംപുരില്‍ അധീര്‍ രഞ്ജന്‍ ചൗധരി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 

മഹാരാഷ്ട്രയില്‍ നാളെ വോട്ടെടുപ്പ് നടക്കുന്ന 17 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ എട്ടിടത്ത് ബിജെപിയും ഒമ്പതിടത്ത് ശിവസേനയുമാണ് വിജയിച്ചത്. മധ്യപ്രദേശില്‍ നാളെ വോട്ടെടുപ്പ് നടക്കുന്ന ആറില്‍ അഞ്ചിടത്തും 2014 ല്‍ ബിജെപി വിജയിച്ചതാണ്. ബിഹാറില്‍ നാളെ വോട്ടെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളും എന്‍ഡിഎയുടെ കൈവശമാണ്. ഒഡീഷയില്‍ നാളെ വോട്ടെടുപ്പ് നടക്കുന്ന 6 സീറ്റും ബിജു ജനതാദളിന്റെ കൈവശമാണ്. ബംഗാളിലെ 8 മണ്ഡലങ്ങളില്‍ ബിജെപിയുടെ കൈവശം ഒന്നേയുള്ളൂ– അസന്‍സോള്‍. ആറിടത്ത് തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍