ദേശീയം

നിസാമുദ്ദീന്‍- എറണാകുളം ട്രെയ്‌നില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായത് യാത്രക്കാരിയുടെ സമയോചിതമായ ഇടപെടല്‍

സമകാലിക മലയാളം ഡെസ്ക്


ബാംഗളൂര്‍: നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തീവണ്ടിയിലെ എ.സി. കോച്ചില്‍ തീപിടുത്തം. യാത്രക്കാരിയുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് വലിയ അപകടം ഒഴിവായത്. പുലര്‍ച്ചെയോടെ കോച്ചില്‍ തീ പടരുന്നതുകണ്ട യാത്രക്കാരി റെയില്‍വേ ജീവനക്കാരെയും മറ്റു യാത്രക്കാരെയും വിവരമറിയിക്കുകയായിരുന്നു. 

ഞായറാഴ്ച പുലര്‍ച്ചെ 1.20ഓടെയാണ് സംഭവം. തീവണ്ടി ഉഡുപ്പി ജില്ലയിലെ ബിജൂര്‍ സ്‌റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് എ.സി. കോച്ചില്‍ തീ ശ്രദ്ധയില്‍പ്പെട്ടത്. കുന്ദാപുര സ്‌റ്റേഷനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് യാത്രക്കാരി ബി ഫോര്‍ കോച്ചില്‍ പുക ഉയരുന്നതുകണ്ടത്. യാത്രക്കാര്‍ ഉറക്കമായതിനാല്‍ തീപടരുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് യുവതി ഉറക്കത്തിലായിരുന്ന യാത്രക്കാരെയും മറ്റു ജീവനക്കാരെയും വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ യാത്രക്കാര്‍ ചങ്ങലവലിച്ച് തീവണ്ടി നിര്‍ത്തി. ഓടിയെത്തിയ ജീവനക്കാര്‍ യാത്രക്കാര്‍ക്കൊപ്പംചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു.

എ.സി. കോച്ചിന്റെ സീറ്റിനും ജനല്‍ ഗ്‌ളാസിനും കേടുപാടുകള്‍ സംഭവിച്ചു. സേനാപുര സ്‌റ്റേഷനിലെത്തിച്ച് തീപിടിച്ച കോച്ച് വേര്‍പ്പെടുത്തി 5.30ഓടെയാണ് തീവണ്ടി യാത്രതുടര്‍ന്നത്. പിന്നീട് മംഗളൂരുവില്‍നിന്ന് മറ്റൊരു എ.സി. കോച്ച് ഘടിപ്പിച്ചു. ചക്രത്തിന്റെ ഇടയില്‍നിന്നുണ്ടായ തീപ്പൊരികളില്‍നിന്നാണ് എ.സി. കോച്ചില്‍ തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം; വേദിയിൽ സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍