ദേശീയം

'സത്യം ഭീരുക്കളെ ഭയപ്പെടുത്തുന്നു, നാണം കെട്ട വേട്ടയാടല്‍' ; ചിദംബരത്തെ പിന്തുണച്ച് പ്രിയങ്ക

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഐഎന്‍എസ് മാക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സിബിഐ ശക്തമാക്കിയതിന് പിന്നാലെയാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്. സത്യം പറയുന്ന, കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നു കാട്ടുന്ന നേതാവാണ് ചിദംബരമെന്ന് പ്രിയങ്ക പറഞ്ഞു. 

സത്യം ഭീരുക്കളെ ഭയപ്പെടുത്തുന്നു. നാണം കെട്ട വേട്ടയാടലിന് കാരണം ഇതാണ്. തിരിച്ചടികള്‍ കണക്കിലെടുക്കാതെ ചിദംബരത്തിന് പിന്തുണ നല്‍കുന്നതായും പ്രിയങ്ക ഗാന്ധി അറിയിച്ചു. ഐഎന്‍എക്‌സ് മാക്‌സ് മീഡിയ അഴിമതി കേസില്‍ മൂന്നു തവണയാണ് അറസ്റ്റ് ചെയ്യാനായി സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. 

ഇന്നലെ അര്‍ധരാത്രി ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം രണ്ട് മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാല്‍ സിബിഐക്ക് മുന്നില്‍ ഹാജരാകാതിരുന്ന ചിദംബരം, അഭിഭാഷകന്‍ മുഖേന രാവിലെ 10.30 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

ചിദംബരം നല്‍കിയ മുന്‍കൂര്‍ജാമ്യഹര്‍ജി രാവിലെ ചീഫ് ജസ്റ്റിസിന്റെ കോടതിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരാനാണ് ചിദംബരത്തിന്റെ അഭിഭാഷകന്‍ അര്‍ഷ്ദീപ് സിങ് ഖുറാനയുടെ നീക്കം. ഇതിനാലാണ് രാവിലെ 10.30 വരെ അറസ്റ്റ് ഒഴിവാക്കണമെന്ന് ഖുറാന സിബിഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശം സിബിഐ തള്ളിയതായാണ് സൂചന. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സിബിഐ അറസ്റ്റ് നടപടിക്ക് വേഗം കൂട്ടിയത്. 

ചിദംബരം ധനമന്ത്രിയായിരിക്കേ ഐ എന്‍ എക്‌സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ വിദേശനിക്ഷേപപ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതുസംബന്ധിച്ചാണു കേസ്. ഇടപാടിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ.യും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്. രണ്ടുകേസിലെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും