ദേശീയം

ജനങ്ങള്‍ സത്യമറിയണം ; തെലങ്കാന ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സുപ്രീംകോടതി ; റിപ്പോര്‍ട്ട് ആറുമാസത്തിനകം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : തെലങ്കാനയില്‍ കൂട്ടബലാല്‍സംഗക്കേസ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി വി എസ് സിര്‍പുക്കര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് കോടതി വ്യക്തമാക്കി. മുന്‍ സിബിഐ ഡയറക്ടര്‍ അടക്കം മൂന്നംഗ സമിതിയെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള കോടതി നിയോഗിച്ചത്.

ബോംബെ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് രേഖ പ്രകാശ് ബാല്‍ഗോട്ടെ, സിബിഐ മുന്‍ ഡയറക്ടര്‍ ഡി ആര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് ഡി ആര്‍ കാര്‍ത്തികേയന്‍. സമിതി ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ജനങ്ങള്‍ക്ക് സത്യം അറിയാന്‍ അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈദരാബാദിലായിരിക്കും സമിതി സിറ്റിങ് നടത്തുക. സിആര്‍പിഎഫിനായിരിക്കും സമിതിയുടെ സുരക്ഷാ ചുമതലയെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സമിതിയുടെ എല്ലാ ചെലവുകളും തെലങ്കാന സര്‍ക്കാര്‍ വഹിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഏറ്റുമുട്ടല്‍ ഉണ്ടായ സമയത്ത് സ്ഥലത്തുണ്ടായിരുന്ന 10 പൊലീസുകാര്‍ക്കെതിരെ കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുകയാണെന്ന് പൊലീസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി പറഞ്ഞു. ഇവര്‍ക്കെതിരെ നിയമപരമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചാല്‍ തങ്ങള്‍ ഇടപെടില്ല. അല്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏറ്റുമുട്ടല്‍ ഉണ്ടായിട്ടും എങ്ങനെയാണ് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കാതിരുന്നതെന്നും കോടതി ചോദിച്ചു.

പൊലീസുകാരുടെ തോക്ക് പിടിച്ചുവാങ്ങി പ്രതികള്‍ ആക്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥമാണ് പൊലീസ് തിരിച്ചുവെടിവെച്ചതെന്ന് റോത്തഗി വ്യക്തമാക്കി. തോക്കെടുത്ത് തിരിച്ച് വെടിവെച്ചപ്പോള്‍ എന്തുകൊണ്ട് പരിക്കുകള്‍ ഉണ്ടാകുന്നില്ല. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റത് വെടികൊണ്ടല്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരംകാര്യങ്ങളില്‍ ജനങ്ങളുടെ സംശയം ദുരീകരിക്കാനാണ് പ്രത്യേക സമിതിയെ നിയോഗിച്ചതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഡിസംബര്‍ 6 ന് പുലര്‍ച്ചെ ഹൈദരാബാദില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു പ്രതികള്‍ കൊല്ലപ്പെടാനിടയായ സാഹചര്യം, അതിലേക്ക് നയിച്ച കാരണങ്ങള്‍ തുടങ്ങിയവ അന്വേഷിക്കാനാണ് സമിതിയോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ, പ്രതികള്‍ക്ക് നേര്‍ക്ക് പൊലീസ് ഏകപക്ഷീയമായാേണാ വെടിവെച്ചത് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. നിലവില്‍ ദേശീയമനുഷ്യാവകാശ കമ്മീഷനും തെലങ്കാന ഹൈക്കോടതിയും ഏറ്റുമുട്ടലില്‍ അന്വേഷണം നടത്തുന്നുണ്ട്. തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട നാലു പ്രതികളാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി