ദേശീയം

പൊലീസ് ആസ്ഥാനം ഉപരോധിച്ച് ജെഎൻയു വിദ്യാർത്ഥികൾ; ജാമിയക്ക് പിന്നാലെ അലി​ഗഢിലും സംഘർഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർത്ഥികൾ ഡൽഹി പൊലീസ് ആസ്ഥാനം ഉപരോധിക്കുന്നു. ദേശീയ പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ജാമിയ മിലിയ സര്‍വകലാശാല കാമ്പസില്‍ പ്രവേശിച്ച് കവാടം അടച്ചിരുന്നു. പുറത്തു നിന്നുള്ള ചിലര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ അഭയം തേടുന്നത് തടയുന്നതിനാണ് ഇതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. ഇതിനെതിരെയാണ് ജെഎൻയു വിദ്യാർത്ഥികളുടെ പ്രതിഷേധം.

അതിനിടെ ജാമിയക്ക് പിന്നാലെ അലിഗഢ് സർവകലാശാലയിലും വൻ സംഘർഷമാണ് അരങ്ങേറിയത്. സർവകലാശാലയ്ക്ക് പുറത്തുള്ള ബാബ് - എ - സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. വിദ്യാർത്ഥികൾ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഘർഷത്തെത്തുടർന്ന് സർവകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു.

നേരത്തെ നൂറു കണിക്ക് പൊലീസുകാര്‍ ജാമിയ മിലിയ സർവകലാശാല  കാമ്പസിനകത്ത് പ്രവേശിച്ചതായും കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാമ്പസിനുള്ളില്‍ നിന്ന് 150ഓളം വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സമരവുമായി ബന്ധമില്ലാത്ത വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടിച്ചതെന്നും ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അനുമതി ഇല്ലാതെ ബല പ്രയോഗത്തിലൂടെയാണ് പൊലീസ് കാമ്പസില്‍ പ്രവേശിച്ചതെന്നും വിദ്യാര്‍ഥികളെയും ജീവനക്കാരെയും പൊലീസ് മര്‍ദിച്ചതായും ജാമിയ മിലിയ സര്‍വകലാശാല പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടയില്‍ വിദ്യാര്‍ത്ഥികളല്ലാത്ത ചിലര്‍ കാമ്പസിനുള്ളില്‍ കടക്കാന്‍ ശ്രമിച്ച് ഈ ദിശയില്‍ നീങ്ങിയതായി പൊലീസ് പറയുന്നു. ഇവരെ തടയുന്നതിനാണ് കാമ്പസ് കവാടം അടച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

വൈകീട്ട് നാല് മണിയോടെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ഡല്‍ഹിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

വിദ്യാര്‍ഥികള്‍ പൊലീസിനു നേരെ കല്ലെറിയുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തി വീശി ഓടിക്കുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. അതിനിടെ രണ്ട് വിദ്യാർത്ഥികൾക്ക് പൊലീസിന്റെ വെടിയേറ്റതായി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സംഘർഷത്തെ തുടർന്ന് അടച്ചിട്ട മെട്രോ സ്റ്റേഷനുകളുടെ എണ്ണം 11ആയി. പ്രതിഷേധം കനത്തതോടെ ഡൽഹിയിൽ ഗതാഗതവും തടസപ്പെട്ടു.

ജാമിയ മിലിയ സർവകലാശാലയ്ക്ക് നാല് കിലോ മീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡൽഹിയിൽ സർക്കാർ അവധി പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍