ദേശീയം

ഡല്‍ഹിയിലും ഇന്റര്‍നെറ്റിന് വിലക്ക് ; അതിര്‍ത്തികള്‍ അടച്ചു ; പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നു. നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്താനെത്തിയ ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, നീലോല്‍പ്പല്‍ ബസു, ഡി രാജ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ച ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധത്തിനെത്തിയ യോഗേന്ദ്ര യാദവ്, സന്ദീപ് ദീക്ഷിത്, ഉമര്‍ ഖാലിദ്, നദീം ഖാന്‍, ധരംവീര്‍ ഗാന്ധി തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

പ്രതിഷേധം ശക്തമായതോടെ രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണിനും നിരോധനം ഏര്‍പ്പെടുത്തി. എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയ നെറ്റുവര്‍ക്കുകളാണ് നഗരത്തിലെ ചിലയിടങ്ങളില്‍ നിരോധിച്ചത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നിരോധനമെന്ന് എയര്‍ടെല്‍ അറിയിച്ചു. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് പൊലീസ് രാജാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. രാജ്യമൊട്ടാകെ നിരോധനാജ്ഞ നടപ്പാക്കാനാണോ മോദി ശ്രമിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു.

പൊലീസിന്റെ നിരോധനാജ്ഞ ലംഘിച്ചും ആയിരക്കണക്കിന് ആളുകളാണ് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയത്. ജാമിയ മിലിയ വിദ്യാര്‍ത്ഥികളും ഇടതുപാര്‍ട്ടികളും ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധമാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. എന്നാല്‍ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ജാമിയ മിലിയ സമരസമിതി അറിയിച്ചു. പ്രതിഷേധം ശക്തമാകുന്നത് കണക്കിലെടുത്ത് ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ പൊലീസ് അടച്ചിരിക്കുകയാണ്.

പ്രതിഷേധം വീണ്ടും ശക്തമായ സാഹചര്യത്തില്‍ ഡല്‍ഹി മെട്രോയുടെ 14 സ്‌റ്റേഷനുകളും അടച്ചു. ജാമിയ മിലിയ, ജമാ മസ്ജിദ്, മുന്റുക എന്‍ട്രി, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, ഉദ്യോഗ് ഭവന്‍, ഐടിഒ, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ കാളികുന്ദ്- മധുര റോഡും അടച്ചിരിക്കുകയാണ്.

പ്രക്ഷോഭം ശക്തമായതോടെ തലസ്ഥാനത്ത് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ദേശീിയ പാതയില്‍ ഗുരുഗ്രാം വരെ വാഹന നിര നീണ്ടുകിടക്കുകയാണ്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ പൊലീസ് കടത്തിവിടുന്നത്. പ്രതിഷേധം ശക്തമായതോടെ ചെങ്കാട്ടയില്‍ നാലുപേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കുന്നത് പൊലീസ് നിരോധിച്ചിരുന്നു. ഇത്തരത്തില്‍ നിയമംലംഘിച്ച് കൂട്ടം കൂടി നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി