ദേശീയം

കൊല്‍ക്കത്ത കമ്മീഷണര്‍ അച്ചടക്കം ലംഘിച്ചു; നടപടി സ്വീകരിക്കാന്‍ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. സര്‍വീസ് റൂള്‍സിന്റെ ലംഘനം, അച്ചടക്കരാഹിത്യം എന്നിവ ചൂണ്ടിക്കാണിച്ച് രാജീവ്കുമാറിനെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഐപിഎസ് കേഡറില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ മറ്റു പൊലീസ് ഉദ്യോഗസ്ഥരൊടൊപ്പം രാജീവ് കുമാറും പങ്കെടുത്തത് പ്രഥമദൃഷ്ട്യാ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്ന് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. 

പശ്ചിമബംഗാളിലെ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. വിവിധ കേസുകളില്‍  ചോദ്യം ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത രാജീവ് കുമാറിന്റെ നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടല്‍. 

രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രിംകോടതി താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. ബല പ്രയോഗം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കമ്മീഷണര്‍ തന്റെ കൈവശമുള്ള മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യല്‍ നിഷ്പക്ഷ സ്ഥലത്ത് വെച്ചാകണം. ഷില്ലോഗില്‍ വെച്ച് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ കോടതി അലക്ഷ്യ കേസുമായി മുന്നോട്ടുപോകാനും കോടതി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജീവ് കുമാറിനും ബംഗാള്‍ സര്‍ക്കാരിനും നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം