ദേശീയം

രാമഭക്തനായ രാഹുല്‍ രാമക്ഷേത്രം നിര്‍മ്മിക്കും; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബാനറുകള്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രാമഭക്തനായ രാഹുല്‍ ഗാന്ധി രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കോണ്‍ഗ്രസിന്റെ ബാനര്‍. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ കര്‍ഷക റാലിയില്‍ പങ്കെടുക്കാനെത്തുന്ന രാഹുലിനെ വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ബാനറുകളിലാണ് ദേശീയ അധ്യക്ഷനെ രാമഭക്തനായി ചിത്രീകരിച്ചിരിക്കുന്നതും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പറഞ്ഞിരിക്കുന്നതും. 

നാല് മാസങ്ങള്‍ക്ക് മുമ്പ് ഭോപ്പാലില്‍ റാലിക്കെത്തിയ രാഹുലിനെ ശിവഭക്തനായാണ് കോണ്‍ഗ്രസ് ചിത്രീകരിച്ചത്. അധികാരം നേടിയ ശേഷം രാഹുല്‍ വീണ്ടും റാലിക്കെത്തുമ്പോള്‍ രാമഭക്തനായി. ദേശീയ അധ്യക്ഷനെ രാമഭക്തനാക്കിയപ്പോള്‍ മുഖ്യമന്ത്രി കമല്‍നാഥിനെ ഹനുമാന്‍ ഭക്തനും ഗോഭക്തനുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ചില അതിരുകടന്ന ഉത്സാഹമുള്ള നേതാക്കളുടെയും അണികളുടെയും പ്രവൃത്തിയാണ് ഇത്തരത്തിലുള്ള ബാനറിന് പിന്നിലെന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ ഇന്‍ ചാര്‍ജ് ശോഭ ഓസ പറയുന്നത്. എന്നാല്‍ ഇതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ് രംഗത്തെത്തി. താന്‍ ഇത്തരം പോസ്റ്ററുകള്‍ക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് 2018 സെപ്റ്റംബര്‍ പതിനെട്ടിന് ഭോപ്പാലില്‍ രാഹുല്‍ റാലിക്കെത്തിയപ്പോള്‍ ശിവഭക്തനായി ചിത്രീകരിച്ച് വ്യാപകമായ പോസ്റ്റര്‍ പ്രചാരണം നടന്നിരുന്നു. കൈലാസ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയാണ് രാഹുല്‍ മധ്യപ്രദേശില്‍ എത്തിയത്. 

എന്നാല്‍ ഇതിന് എതിരെ ബിജെപി രംഗത്തെത്തി. പോസ്റ്ററുകള്‍ പതിപ്പിച്ചതു കൊണ്ടൊന്നും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും നേതാക്കളും ചെയ്ത ഹിന്ദു വിരുദ്ധ പ്രവൃത്തികള്‍ മറച്ചുവയ്ക്കാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാവ് രജ്‌നീഷ് അഗര്‍വാള്‍ പറഞ്ഞു. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസിന് ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ സുപ്രിം കോടതിയില്‍ നടക്കുന്ന കേസിനെ മനപ്പൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുന്ന  അഭിഭാഷകരായ നേതാക്കളോട് അത് അവസാനിപ്പിക്കാന്‍ പറയണമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി