ദേശീയം

പൊങ്കല്‍ ആഘോഷിക്കാന്‍ എല്ലാവര്‍ക്കും 1000 രൂപ നല്‍കും: തമിഴ്‌നാട് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

 ചെന്നൈ: പൊങ്കല്‍ സമ്മാനമായി 1000 രൂപയും റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പൊങ്കല്‍കിറ്റും നല്‍കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഗവര്‍ണറുടെ പ്രസംഗത്തിനിടെ സഭ സ്തംഭിച്ചു. ശാന്തരാകണമെന്ന് ഗവര്‍ണറായ ബന്‍വരിലാല്‍ പുരോഹിത് കൈകൂപ്പി അഭ്യര്‍ത്ഥിച്ചെങ്കിലും എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. 

ഗജ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ കാവേരീ തീരത്തും വടക്കന്‍ ജില്ലകളിലും റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അരി, പഞ്ചസാര, ധാന്യങ്ങള്‍, പശുവണ്ടി, ഏലക്കായ, കരിമ്പ് തുടങ്ങി, പൊങ്കല്‍ ആഘോഷിക്കാനുള്ള സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു ഗവര്‍ണറുടെ പ്രഖ്യാപനം.വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷിക്കുന്നതിനായി കുടുംബമൊന്നിന് 1000 രൂപയെന്ന നിരക്കിലും വിതരണം ചെയ്യുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു. ജനുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവായൂര്‍ ജില്ലയൊഴികെയുള്ള സ്ഥലങ്ങളില്‍ ഇവ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ഇവിടെ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് തിരുവായൂരിനെ ഒഴിവാക്കിയത്.

'ലളിത ജീവിതം നയിക്കൂ, എന്നാല്‍ ഈ അഴിമതിയെല്ലാം അവസാനിക്കും' എന്ന മുഖവുരയോടെയാണ് പുരോഹിത് പ്രസംഗം ആരംഭിച്ചത്. ഇതോടെ സ്റ്റാലിന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു. 'ദയവ് ചെയ്ത് ഇരിക്കൂ' എന്നായിരുന്നു ഗവര്‍ണറുടെ അഭ്യര്‍ത്ഥന. സ്റ്റാലിനും മറ്റ് അംഗങ്ങള്‍ക്കും തന്റെ പ്രസംഗത്തിന് ശേഷം പിന്നീട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പുരോഹിത് വ്യക്തമാക്കിയതോടെ സ്റ്റാലിന്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങളും മുസ്ലിംലീഗ് അംഗങ്ങളും പിന്നാലെ ഇറങ്ങിപ്പോവുകയായിരുന്നു. സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും പരാജയപ്പെട്ട കാര്യങ്ങള്‍ വായിപ്പിച്ച് ഗവര്‍ണറെ അപഹസിക്കുകയാണ് ചെയ്തതെന്നും സ്റ്റാലിന്‍ പിന്നീട് ആരോപിച്ചു. '

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി 2,709 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുവെന്നും 15,190 കോടി രൂപ ഇതിന് പുറമേ അടിയന്തര ധനസഹായം നല്‍കിയതായും ഗവര്‍ണര്‍ സഭയെ അറിയിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുന്നതിനായി കോടതിയെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാവേരി പ്രശ്‌നത്തില്‍ കര്‍ണാടക കോടതി ഉത്തരവ് ലംഘിച്ചുവെന്നും നടപടി വേണമെന്നും സുപ്രിംകോടതിയില്‍ തമിഴ്‌നാട് ആവശ്യപ്പെടുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി