ദേശീയം

സിബിഐയില്‍ കൂട്ട സ്ഥലംമാറ്റം തുടരുന്നു ; 2 ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അടക്കം മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സിബിഐയില്‍ കൂട്ട സ്ഥലംമാറ്റം തുടരുന്നു. വിവിധ അഴിമതി കേസുകളുടെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടക്കം 20 ഉദ്യോഗസ്ഥരെയാണ് താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വരറാവു കൂട്ടത്തോടെ സ്ഥലംമാറ്റിയത്. ഇതില്‍ 2 ജി സ്‌പെക്ട്രം അഴിമതി കേസ് അന്വേഷിക്കുന്ന എസ്പി വിവേക് പ്രിയദര്‍ശിനിയും ഉള്‍പ്പെടുന്നു. 


ഡല്‍ഹിയിലെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ കൂടി ചുമതല വഹിച്ചിരുന്ന വിവേക് പ്രിയദര്‍ശിനിയെ ചണ്ഡീഗഡിലേക്കാണ് സ്ഥലംമാറ്റിയത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് വെടിവെയ്പില്‍ 13 പേരുടെ മരണത്തിന് ഇടയാക്കിയ സ്റ്റെര്‍ലിങ് കമ്പനിക്കെതിരായ സമരത്തെക്കുറിച്ച് അന്വേഷിക്കുന്ന എ ശരവണനെയും സ്ഥലംമാറ്റി. ശരവണനെ മുംബൈയിലെ ബാങ്ക് ക്രമക്കേടുകള്‍ അടക്കം, സാമ്പത്തിക കുറ്റങ്ങല്‍ അന്വേഷിക്കുന്ന മുംബൈ വിഭാഗത്തിലേക്കാണ് മാറ്റിയത്. 

ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി അന്വേഷിക്കുന്ന സ്‌പെഷല്‍ യൂണിറ്റ് തലവന്‍ പ്രേം ഗൗതത്തെയും മാറ്റിയിട്ടുണ്ട്. സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭഗത്തില്‍ അദ്ദേഹം തുടരും. കൂടാതെ ഡെപ്യൂട്ടി ഡയറക്ടര്‍ ( പേഴ്‌സണല്‍) അധിക ചുമതലയും നല്‍കിയിട്ടുണ്ട്. 

ചണ്ഡീഗഡ് സ്‌പെഷല്‍ ക്രൈം ബ്രാഞ്ചിലുണ്ടായിരുന്ന രാംഗോപാലിനെയാണ് പ്രേം ഗൗതത്തിന് പകരം നിയമിച്ചിട്ടുള്ളത്. കേരളത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റമുണ്ട്. കൊച്ചി യൂണിറ്റ് എസ്.പി. എ. ഷിയാസിനെ മുംബൈയിലേയ്ക്ക് സ്ഥലംമാറ്റി. കാലാവധി തികയുന്നതിന് ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് ഷിയാസിനെ സ്ഥലംമാറ്റിയിരിക്കുന്നത്. പി. ബാലചന്ദ്രനെ കൊച്ചിയിലേയ്ക്കും സ്ഥലംമാറ്റിയിട്ടുണ്ട്.

വൈ. ഹരികുമാറിന് തിരുവനന്തപുരം യൂണിറ്റിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റില്‍ സ്ഥിരം എസ്പിയെ നിയമിച്ചിട്ടില്ല. സ്ഥലംമാറ്റിയിട്ടുള്ള ഉദ്യോഗസ്ഥര്‍ നേരത്തെ അന്വേഷിച്ചുകൊണ്ടിരുന്ന കേസുകളുടെ അന്വേഷണ മേല്‍നോട്ടം തുടര്‍ന്നും വഹിക്കാനും ഇടക്കാല ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സിബിഐയുടെ ഇടക്കാല മേധാവിയായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി വ്യാഴാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് നാഗേശ്വരറാവുവിന്റെ നടപടി. അതിനിടെ, സിബിഐയുടെ പുതിയ മേധാവിയെ കണ്ടെത്തുന്നതിനുള്ള ഉന്നത തല സെലക്ഷന്‍ കമ്മിറ്റി യോഗവും 24 ന് ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് സിബിഐ മേധാവിയെ തെരഞ്ഞെടുക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു