ദേശീയം

സഖ്യസര്‍ക്കാരിന് താത്കാലിക ആശ്വാസം, സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു; കടുത്ത അനീതിയെന്ന് ബിജെപി 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന കര്‍ണാടകയില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് താത്കാലിക ആശ്വാസം. ഇന്ന് തന്നെ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തുടര്‍ച്ചയായി തളളി നിയമസഭ തിങ്കളാഴ്ചത്തേയ്ക്ക് പിരിഞ്ഞു. മാരത്തോണ്‍ പ്രസംഗങ്ങള്‍ക്കും ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുടെ തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്കും പിന്നാലെയാണ് സഭ ഇന്നത്തേയ്ക്ക പിരിയുന്നതായി സ്പീക്കര്‍ രമേശ് കുമാര്‍ അറിയിച്ചത്. സ്പീക്കറുടെ തീരുമാനത്തെ ജെഡിഎസ്- കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്വാഗതം ചെയ്തപ്പോള്‍, ഇത് കടുത്ത അനീതിയാണെന്നാണ് ബിജെപി പ്രതികരിച്ചത്.

വോട്ടെടുപ്പ് ഇന്നുതന്നെ വേണമെന്ന നിലപാടിലായിരുന്നു ബിജെപി. രാത്രി എത്രവൈകിയാലും കാത്തിരിക്കാന്‍ തയ്യാറാണെന്നും ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. വിശ്വാസ വോട്ടടെുപ്പിന്റെ സമയക്രമം നിശ്ചയിക്കുന്നതില്‍ അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ ശ്രമിച്ചുവരികയായിരുന്നു സ്പീക്കര്‍. എന്നാല്‍ എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്നതായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിലപാട്. തുടര്‍ന്നായിരുന്നു തിങ്കളാഴ്ചത്തേയ്ക്ക് സഭ പിരിഞ്ഞതായി അറിയിച്ചുകൊണ്ടുളള സ്പീക്കറുടെ റൂളിങ് വന്നത്.

ഇന്നു വൈകിട്ട് ആറു മണിക്കകം സഭയില്‍ വിശ്വാസവോട്ട് തേടാന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായ് വാല ആവശ്യപ്പെട്ടിരുന്നു. രണ്ടാമത്തെ പ്രേമലേഖനം തന്നെ വേദനിപ്പിച്ചതായാണ് കുമാരസ്വാമി ഇതിനോട് പ്രതികരിച്ചത്.ഉച്ചയ്ക്ക് ഒന്നരയ്ക്കകം വിശ്വാസ വോട്ട് തേടണമെന്ന നിര്‍ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ വീണ്ടും കത്തു നല്‍കിയത്. ഇത് തളളിയാണ് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞത്.അതേസമയം വിപ്പ് നല്‍കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചു. 

ഇന്ന് ഉച്ചയ്ക്കകം വിശ്വാസവോട്ടു തേടണമെന്ന് നിര്‍ദേശിച്ച് ഗവര്‍ണര്‍ നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും നിയമസഭ വിശ്വാസവോട്ടിലേക്കു കടന്നിരുന്നില്ല. ചര്‍ച്ച പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പിലേക്കു കടക്കാനാവില്ലെന്ന നിലപാടാണ് സ്പീക്കര്‍ കെആര്‍ രമേഷ്‌കുമാര്‍ സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ വീണ്ടും മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്. വൈകിട്ട് ആറിനകം വിശ്വാസവോട്ട് തേടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. അതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി വിശദീകരിച്ച് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും സൂചനകളുണ്ട്.

വിമത എംഎല്‍എമാരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന വിധിക്കെതിരെയാണ് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചത്. വിധി രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ വിപ്പ് നല്‍കാനുള്ള കോണ്‍ഗ്രസിന്റെ അവകാശത്തിന്റെ ലംഘനമാണെന്ന് പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു ഹര്‍ജിയില്‍ പറഞ്ഞു. 

ചര്‍ച്ച പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് വോട്ടെടുപ്പിലേക്കു കടക്കുകയെന്ന് രാവിലെ സ്പീക്കര്‍ ചോദിച്ചു. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കാണ് കത്തു നല്‍കിയത്. സമയപരിധി പാലിക്കണോയെന്നു മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി. 

ഗവര്‍ണര്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കാനാവുമോയെന്ന കാര്യത്തില്‍ സ്പീക്കര്‍ വ്യക്തത വരുത്തണമെന്ന് രണ്ടാം ദിനം ചര്‍ച്ച തുടങ്ങിക്കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഗവര്‍ണര്‍ നിയമസഭയുടെ ഓംബുഡ്‌സ്മാനായി പ്രവര്‍ത്തിക്കരുതെന്ന സുപ്രിം കോടതി വിധി കുമാരസ്വാമി എടുത്തുകാട്ടി. ഭരണപക്ഷം ഗവര്‍ണര്‍ക്കെതിരെ സഭയില്‍ മുദ്രാവാക്യം വിളിച്ചു. 

ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചതോടെ ബിജെപി നേതാവ് യെദ്യൂരപ്പ എഴുന്നേറ്റ് വോട്ടെടുപ്പ് ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പു നടത്താനാവില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ