ദേശീയം

'പ്രസിഡന്റിനെ നിശ്ചയിക്കാന്‍ അവര്‍ ആര്? ' കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; പ്രവര്‍ത്തക സമിതി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഏതാനും കുറച്ചു നേതാക്കളില്‍ മാത്രമായി ഒതുങ്ങുന്നതില്‍ പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നു. പ്രവര്‍ത്തക സമിതി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പു നടത്താനുള്ള ആവശ്യം പരസ്യമായി ഉന്നയിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഏതാനും പാര്‍ട്ടി നേതാക്കളില്‍ മാത്രം ഒതുങ്ങുകയാണെന്ന് ഈ വിഭാഗം കുറ്റപ്പെടുത്തുന്നു. പ്രസിഡന്റ് രാജി വച്ചാല്‍ സ്വാഭാവികമായും പ്രവര്‍ത്തക സമിതിയും ഇല്ലാതാവേണ്ടതാണ്. തെരഞ്ഞെടുപ്പു നടത്തി  പുതിയ നേതാവിനെ കണ്ടെത്താനുള്ള അവസരം തുറന്നുകിടക്കുമ്പോള്‍ നോമിനേറ്റഡ് അംഗങ്ങള്‍ പ്രസിഡന്റിനെ നിയമിക്കുന്നത് എന്തിനെന്നാണ് ഇവരുടെ ചോദ്യം. പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടു പുതിയ തെരഞ്ഞെടുപ്പു നടത്തണം. എന്നിട്ടു വേണം പ്രസിഡന്റിനെ തെരഞ്ഞെടുക്കാനെന്ന് ഇവര്‍ പറയുന്നു.

ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പരസ്യമായി രംഗത്തുവരാനുള്ള ഒരുക്കത്തിലാണ് എംപിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍. പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ നീണ്ടുപോവുന്നതില്‍ ഇവര്‍ക്ക് അതൃപ്തിയുണ്ട്. എങ്കിലും കര്‍ണാടക പ്രതിസന്ധിയില്‍ തീരുമാനമാവുന്നതുവരെ ഇതു പുറത്തു പ്രകടിപ്പിക്കേണ്ടെന്ന ധാരണയാണ് നേതാക്കള്‍ക്കിടയിലുള്ളത്.

തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ മേയ് 24ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്. ഒരു മാസത്തിനകം പുതിയ നേതാവിനെ കണ്ടെത്തണമെന്ന 
ആവശ്യമാണ് രാഹുല്‍ പ്രവര്‍ത്തക സമിതിക്കു മുന്നില്‍ വച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകളൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ ജൂണ്‍ മൂന്നിന് രാഹുല്‍ രാജിക്കത്ത് പരസ്യമാക്കി നിലപാട് ഉറപ്പിച്ചു. ഇതിനു ശേഷവും, മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അനൗപചാകിക ആശയവിനിമയം അല്ലാതെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളിലേക്കു പാര്‍ട്ടി കടന്നിട്ടില്ല.

രാഹുലിന്റെ പിന്‍ഗാമിയായി പ്രിയങ്ക പ്രസിഡന്റ് ആവണമെന്ന നിര്‍ദേശം പല കോണുകളില്‍നിന്നും ഉയരുന്നുണ്ടെങ്കിലും അവര്‍ അതു സ്വീകരിക്കാനിടയില്ലെന്നാണ് സൂചന. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടെത്തണമെന്ന നിര്‍ദേശമാണ് രാഹുല്‍ നേതാക്കള്‍ക്കു മുന്നില്‍ വച്ചിട്ടുള്ളത്. 

പ്രവര്‍ത്തക സമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി ഉന്നയിക്കുന്നപക്ഷം അതു പാര്‍ട്ടിയെ പൊട്ടിത്തെറിയില്‍ എത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കാലങ്ങളായി നേതൃത്വത്തില്‍ തുടരുന്ന പലര്‍ക്കും അതോടെ സ്ഥാനനഷ്ടം സംഭവിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം