ദേശീയം

ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതൃസഹോദരന്‍ മരിച്ച നിലയില്‍ ; മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ ബാത്‌റൂമില്‍, ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതൃസഹോദരനും ആന്ധ്രപ്രദേശ് മുന്‍ മന്ത്രിയുമായ വൈ എസ് വിവേകാനന്ദ റെഡ്ഡി മരിച്ച നിലയില്‍ കണ്ടെത്തി. കഡപ്പ ജില്ലയിലെ വീട്ടിലെ കുളിമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ഇളയ സഹോദരനാണ് വിവേകാനന്ദ റെഡ്ഡി. 

ജഗന്‍മോഹന്‍ റെഡ്ഡിയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു വിവേകാനന്ദ റെഡ്ഡി. രാവിലെ വീട്ടുജോലിക്കാര്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബാത്‌റൂമിലും ബെഡ്‌റൂമിലും രക്തം കട്ടപിടിച്ച് കിടപ്പുണ്ടായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. 

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും വിവേകാനന്ദറെഡ്ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡി പൊലീസില്‍ പരാതി നല്‍കി. വിവേകാനന്ദയുടെ തലയുടെ മുന്നിലും പിന്നിലും രണ്ട് മുറിവുണ്ട്. ഇത് കൊലപാതകമാണ്. സംഭവത്തിന് പിന്നിലെ ഗൂഡാളോചന വെളിച്ചത്ത് കൊണ്ടുവരണമെന്ന് വിവേകാനന്ദ റെഡ്ഡിയുടെ അനന്തരവനും മുന്‍ എംഎല്‍എയുമായ വൈ എസ് അവിനാശ് റെഡ്ഡി ആവശ്യപ്പെട്ടു. 

ഐക്യ ആന്ധ്രയിലെ കിരണ്‍കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അവസാന കോണ്‍ഗ്രസ് സര്‍ക്കാരില്‍ കൃഷി മന്ത്രിയായിരുന്നു വിവേകാനന്ദ റെഡ്ഡി. രണ്ട് തവണ കഡപ്പയില്‍ നിന്നും പാര്‍ലമെന്റംഗമായിരുന്നിട്ടുണ്ട്. 2011 ല്‍ ജഗന്റെ അമ്മ വിജയമ്മയോട് തോറ്റു. ജഗന്‍മോഹന്‍ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോഴും വിവേകാനന്ദ കോണ്‍ഗ്രസില്‍ തുടര്‍ന്നു. പിന്നീട് പിണക്കങ്ങള്‍ മറന്ന് അടുത്തകാലത്ത് വിവേകാനന്ദ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി