ദേശീയം

ഇടതുപക്ഷത്തിന് തിരിച്ചടി; മമതയ്ക്കായി പ്രചാരണത്തിന് ഇറങ്ങാന്‍ കമല്‍ഹാസന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമായി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബംഗാളില്‍ എത്തിയ കമല്‍ഹാസന്‍ പ്രതികരിക്കുകയായിരുന്നു. സന്ദര്‍ശന ലക്ഷ്യത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ തയ്യാറായില്ലെങ്കിലും തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം അവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് പാര്‍ട്ടി പ്രസിഡന്റ് കമല്‍ഹാസന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും തനിക്ക് നല്‍കിയ പിന്തുണ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കഴിഞ്ഞദിവസം കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. 50 ലക്ഷത്തോളം തൊഴില്‍ സൃഷ്ടിക്കും വനിതകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പാക്കും എന്നത് അടക്കം നിരവധി വാഗ്ദാനങ്ങളും കമല്‍ഹാസന്‍ മുന്നോട്ടുവെച്ചിരുന്നു.തമിഴ്‌നാട്ടില്‍ തങ്ങള്‍ ഒറ്റയ്ക്കാണ് എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയരംഗങ്ങളില്‍ അമ്പരപ്പ് ഉളളവാക്കി കമല്‍ഹാസന്റെ ബംഗാള്‍ സന്ദര്‍ശനം. 

പഴയ ബന്ധം പുതുക്കുന്നതിനും തെരഞ്ഞെടുപ്പില്‍ ആശീര്‍വാദം തേടിയുമാണ് മമത ബാനര്‍ജിയെ സന്ദര്‍ശിക്കുന്നതെന്ന്് കമല്‍ഹാസന്‍ പറഞ്ഞു. ഇതിന്റെ കൂട്ടത്തിലാണ് മമതയ്ക്കായി തന്റെ സ്വന്തം പാര്‍ട്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കമല്‍ഹാസന്‍ പറഞ്ഞത്. ഇതുകൊണ്ട് കമല്‍ഹാസന്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

ഇടതുപക്ഷ നിലപാടുകള്‍ ഉയര്‍ത്തിക്കാണിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന കമല്‍ഹാസന്‍, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തൊടൊപ്പം നില്‍ക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. സിപിഎമ്മിലെ മുതിര്‍ന്ന നേതാവ്് പിണറായി വിജയനെ തുടര്‍ച്ചയായി കാണുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെ കമല്‍ഹാസന്‍ പുകഴ്ത്തുകയും ചെയ്തത് ഇതിന്റെ സൂചനയായാണ് എല്ലാവരും വിലയിരുത്തിയത്. എന്നാല്‍ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു