ദേശീയം

ഓരോ കിലോമീറ്ററിലും 510 കാറുകള്‍!  വാഹനപ്പെരുപ്പത്തില്‍ ശ്വാസം മുട്ടി മുംബൈ, പൊതുഗതാഗതം കാര്യക്ഷമമാക്കണമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വാഹനപ്പെരുപ്പത്തില്‍ മുംബൈ നഗരത്തിന് ശ്വാസം മുട്ടുന്നുവെന്ന് ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട്. തിരക്കേറിയ സമയങ്ങളില്‍ നഗരത്തിലെ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ വെറും 10 കിലോ മീറ്റര്‍ മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് തന്നെ ഏറ്റവുമധികം കാറുകള്‍ നിരത്തിലുള്ള നഗരമാണ് മുംബൈയെന്നും രണ്ട് വര്‍ഷം കൊണ്ട് 18 ശതമാനം വര്‍ധനവ് കാറുകളുടെ എണ്ണത്തില്‍ ഉണ്ടായെന്നുമാണ് കണക്കുകള്‍. മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ജാമിന് പുറമേ മലിനീകരണവും പാര്‍ക്കിങ് പ്രശ്‌നവും നഗര ജീവിതം ദുഃസ്സഹമാക്കുന്നുണ്ട്.

36 ലക്ഷം വാഹനങ്ങള്‍ മുംബൈ നഗരത്തില്‍ മാത്രം ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 10 ലക്ഷത്തിലേറെയും എസ്യുവികളാണെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.കിഴക്കന്‍ മുംബൈയിലെ പൊവായിലാണ് ഏറ്റവുമധികം രജിസ്‌ട്രേഷന്‍ നടക്കുന്നത്. പൊതുനിരത്തിന്റെ 49 ശതമാനവും സ്വകാര്യ വാഹനങ്ങളാണ് സ്വന്തമാക്കുന്നതെന്നാണ് മുംബൈ എന്‍വയോണ്‍മെന്റല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കെന്ന സംഘടന നടത്തിയ ഗവേഷണത്തിലും കണ്ടെത്തിയത്. തിരക്കേറിയ സമയങ്ങളില്‍ മുംബൈ നഗരത്തിലെ പരമാവധി വേഗത  മണിക്കൂറില്‍ 10 കിലോമീറ്റര്‍ മാത്രമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ വാഹനങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇവ നിരത്തിലിറങ്ങുന്നതിന് പ്രത്യേക ദിവസങ്ങള്‍ കൊണ്ട് വരണമെന്നും ആവശ്യമുയര്‍ന്ന് കഴിഞ്ഞു.മുംബൈ നഗരത്തിലേക്ക് കാറുമായി ഇറങ്ങുന്നത് ഒരു ദുഃസ്വപ്‌നം പോലെയാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ചിലര്‍ അഭിപ്രായപ്പെടുന്നത്. പൊതുഗതാഗതം മെച്ചപ്പെടുത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ റോഡുകളിലെ ട്രാഫിക് കുറയ്ക്കുകയും മലിനീകരണ പ്രശ്‌നത്തില്‍ നിന്ന് രക്ഷപെടുകയും ചെയ്യാമെന്നും വിദഗ്ധര്‍ പറയുന്നു.

പൂനെയാണ് കാറുകളുടെ സാന്ദ്രതയില്‍ മുംബൈയ്ക്ക് പിന്നിലുള്ളത്. കിലോമീറ്ററില്‍ 359 കാറുകളാണ് പൂനെയിലുള്ളത്. കൊല്‍ക്കത്തയില്‍ 319 ഉം ചെന്നൈയില്‍ 297 ഉം എന്നിങ്ങനെയാണ് കണക്കുകള്‍. ബംഗളുരുവും ഡല്‍ഹിയും ഒട്ടും പിന്നിലല്ല. 149,108 എന്നിങ്ങനെയാണ് കിലോ മീറ്ററുകളിലെ കാറുകളുടെ എണ്ണമെന്നും ഗതാഗത വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്